മുംബൈ: ബോളിവുഡിൽ തരംഗം സൃഷ്ടിച്ച ധൂം സീരിസ് സിനിമകളുടെ സംവിധായകനായ സഞ്ജയ് ഗദ്വി അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ മുംബൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 57ാം പിറന്നാളിന് മൂന്ന് ദിവസം മുൻപാണ് ഹിറ്റ് സിനിമകളുടെ സംവിധായകൻ്റെ അപ്രതീക്ഷിത വിയോഗം. സഞ്ജയ് ഗദ്വിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെന്നും ഞായറാഴ്ച രാവിലെ ഒൻപതരയോടെയാണ് മരണം സംഭവിച്ചതെന്നും അദ്ദേഹത്തിൻ്റെ കുടുംബം അറിയിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായും അവർ പറഞ്ഞു.
യാഷ് രാജ് ഫിലിംസിന് വേണ്ടി 2004-ലാണ് ധൂം എന്ന സിനിമ ഗദ്വി സംവിധാനം ചെയ്തത്. രണ്ട് വർഷത്തിന് ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ധൂം 2വും അദ്ദേഹം തന്നെയാണ് അണിയിച്ചൊരുക്കിയത്. റിലീസിന് ശേഷം നിരീക്ഷകരിൽ നിന്നും സമ്മിശ്രപ്രതികരണം നേടിയ ചിത്രം പക്ഷേ ബോക്സ് ഓഫീസിൽ വൻ ഓളം സൃഷ്ടിച്ചു. 11 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ധൂം ഒന്നാം ഭാഗത്തിൽ അഭിഷേക് ബച്ചൻ, ജോൺ എബ്രഹാം, ഉദയ് ചോപ്ര, ഇഷാ ഡിയോൾ, റിമി സെൻ എന്നിവരായിരുന്നു മുഖ്യവേഷത്തിൽ അഭിനയച്ചത്. ഏതാണ്ട് 72 കോടി രൂപയായിരുന്നു ചിത്രത്തിൻ്റെ ആകെ കളക്ഷൻ.
ധൂമിൻ്റെ വൻവിജയത്തിന് പിന്നാലെയാണ് 2006-ൽ ഋതിക് റോഷൻ, ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, ഉദയ് ചോപ്ര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ധൂം 2 സഞ്ജയ് ഗദ്വി അണിയിച്ചൊരുക്കിയത്. 35 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രം 105 കോടിയിലേറെയാണ് ബോക്സ് ഓഫീസിൽ കളക്ട് ചെയ്തത്.
2001-ൽ പുറത്തിറങ്ങിയ തേരെ ലിയേ എന്ന ചിത്രത്തിലൂടെയാണ് ഗദ്വി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. മേരെ യാർ കി ഷാദി ഹേ (2002), കിഡ്നാപ്പ് (2008), അജബ് ഗസബ് ലൌ (2012), ഓപ്പറേഷൻ പരീണിദെ (2020) എന്നിവയാണ് ഗദ്വി സംവിധായനം ചെയ്ത മറ്റു ചിത്രങ്ങൾ.