ശബരിമല തിരക്കിന്റെ പശ്ചാത്തലത്തില്‍ ഭക്തര്‍ സ്വയം നിയന്ത്രിക്കണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ശബരിമല അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്പോട്ട് ബുക്കിംഗ് കുറയ്ക്കാനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം ക്യൂ ഒരുക്കാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വെര്‍ച്വല്‍ ക്യൂ തൊണ്ണൂറായിരം എന്നത് എണ്‍പതിനായിരം ആക്കി കുറച്ചു. ഇതോടെ സൗകര്യങ്ങള്‍ സുഖകരമാകുമെന്നും മന്ത്രി പറഞ്ഞു.
പമ്പയിലും നിലയ്ക്കലും സന്നിധാനത്തും എല്ലാ സംവിധാനങ്ങളും ഒരുക്കയിട്ടുണ്ട്. ആവശ്യത്തിലധികം വാഹനങ്ങള്‍ എത്തിച്ചുണ്ട്. കുടിവെള്ളം ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു അതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ആളുകള്‍ കൂടുന്നത് കൊണ്ട് ചില പ്രശ്നങ്ങള്‍ ഉണ്ട്. എല്ലാം സ്വയം നിയന്ത്രിക്കാന്‍ ഭക്തര്‍ തയ്യാറായാല്‍ പ്രശ്നങ്ങള്‍ കുറയുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
അതേസമയം തിരക്ക് കൂടിയതോടെ ശബരിമല ദര്‍ശനം കിട്ടാതെ ഭക്തര്‍ പന്തളത്ത് നിന്ന് മടങ്ങുന്ന സാഹചര്യം നിലവിലുണ്ട്. പന്തളത്ത് വെച്ച് മാലയും ഇരുമുടിക്കെട്ടുമൂരി ഭക്തര്‍ തിരിച്ചു മടങ്ങുകയാണ്. തമിഴ്നാട്, കര്‍ണാടക സ്വദേശികളാണ് മടങ്ങുന്നവരില്‍ അധികവും.
