അമൃത്സർ: അനധികൃത കുടിയേറ്റത്തിന് പിടിയിലായി അമേരിക്ക തിരിച്ചയച്ച 104 ഇന്ത്യക്കാർ തിരിച്ചെത്തി. അമേരിക്കൻ വ്യോമസേനയുടെ സി 17 ഗ്ലോബ്സ്റ്റർ വിമാനത്തിലാണ് ഇവരെ തിരികെ അയച്ചത്. സൈനിക്ക നീക്കത്തിനും ചരക്കുകടത്തിനും മറ്റുമായി ഉപയോഗിക്കുന്ന കൂറ്റൻ സി 17 വിമാനത്തിൽ 41 മണിക്കൂർ, നാലു മിനിറ്റ് സമയം ദുരിതയാത്ര നടത്തിയാണ് ഇത്രയും പേർ ഇന്ത്യയിലേക്ക് തിരികെ എത്തിയത്. അനധികൃത കുടിയേറ്റക്കാരെ കൂടാതെ യുഎസ് സർക്കാരിൻ്റെ ഭാഗമായ 40 ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു. നാടുകടത്തപ്പെട്ടവരോട് “സൗഹൃദപരമായി” പെരുമാറാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പോലീസിന് നിർദ്ദേശം നൽകിയതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു.
ഉപജീവനമാർഗം കണ്ടെത്തുന്നതിനായി ലക്ഷങ്ങൾ ചെലവഴിച്ച ശേഷം ഈ വ്യക്തികൾ നിരാശരായി മടങ്ങുന്നത് കാണുന്നത് നിർഭാഗ്യകരമാണെന്ന് പഞ്ചാബ് പ്രവാസികാര്യ മന്ത്രി കുൽദീപ് സിംഗ് ധാലിവാൾ പറഞ്ഞു. “ഇത് നിർഭാഗ്യകരമാണെങ്കിലും, അവർ നാട്ടിലേക്ക് മടങ്ങിയെത്തിയതും അമേരിക്കയിൽ അവരെ തടങ്കലിൽ വയ്ക്കാത്തിരുന്നതും നല്ല കാര്യമാണ്,” ധാലിവാൾ പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ അമൃത്സറിലെ ശ്രീ ഗുരു റാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സി 17 ഇറങ്ങിയത്. പഞ്ചാബിൽ നിന്നുള്ള 30 പേരും ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള 33 പേരും മഹാരാഷ്ട്രയിൽ നിന്നുള്ള മൂന്ന് പേരും ചണ്ഡീഗഢ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. തിരിച്ചെത്തിയവർക്ക് എതിരെ പ്രത്യേകിച്ച് നടപടികളുണ്ടാവില്ലെന്ന് പഞ്ചാബ് പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വിശദമായി മൊഴിയെടുത്ത ശേഷം എല്ലാവരേയും സ്വന്തം വീടുകളിലേക്ക് മടക്കി അയച്ചെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു. നാടുകടത്തപ്പെട്ടവരിൽ 25 സ്ത്രീകളും 12 പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു, ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരൻ നാല് വയസ്സ് മാത്രം പ്രായമുള്ളയാളാണ്.
തിരിച്ചെത്തിയവരുടെ ഇമിഗ്രേഷൻ സ്റ്റാറ്റസ്, ക്രിമിനൽ റെക്കോർഡുകൾ എന്നിവയുടെ പരിശോധന ഉൾപ്പെടെ ആവശ്യമായ എല്ലാ പരിശോധനകളും നടത്തിയ ശേഷമാണ് അവരെ വീടുകളിലേക്ക് മടങ്ങാൻ അനുവദിച്ചതെന്ന് ജില്ലാ ഭരണകൂട വൃത്തങ്ങൾ പറഞ്ഞു. “തിരിച്ചെത്തിയവർക്ക് ഭക്ഷണത്തിനും സുരക്ഷിതമായി വീട്ടിലെത്താനുള്ള സൌകര്യവും ഞങ്ങൾ ക്രമീകരിച്ചിരുന്നു. ഇത്രയും ദുസ്സഹമായ ഒരു യാത്ര കഴിഞ്ഞാണ് ഇവർ വന്നത് എന്നതിനാൽ ഡോക്ടർമാരുടെയും ശിശുരോഗ വിദഗ്ധരുടെയും ഒരു സംഘവും പരിശോധനകൾക്ക് എത്തിയിരുന്നു. തിരിച്ചെത്തിയവർക്ക് ബന്ധുക്കളുമായി ബന്ധപ്പെടാനും ഞങ്ങൾ സൗകര്യമൊരുക്കി കൊടുത്തു – പഞ്ചാബ് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.
ജനുവരി 20 -ന് അമേരിക്കൻ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് ചുമതലയേറ്റത്തിന് പിന്നാലെയാണ് അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരെ ഡീപോർട്ട് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്. അമേരിക്കൻ സൈന്യത്തെ ഉപയോഗിച്ചാണ് ട്രംപ് ആളുകളെ തിരികെ അയക്കുന്നത്. നിയമവിരുദ്ധമായി യുഎസിൽ പ്രവേശിച്ചവരോ വിസാ കാലാവധി കഴിഞ്ഞും അമേരിക്കയിൽ തങ്ങുന്നവരോ ആണ് അനധികൃത കുടിയേറ്റക്കാരായി കണക്കാക്കപ്പെടുന്നത്.
പഞ്ചാബിൽ നിന്ന് നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും ഗുരുദാസ്പൂർ, അമൃത്സർ, തരൺ തരൺ, ജലന്ധർ, നവാൻഷഹർ, പട്യാല, മൊഹാലി, സംഗ്രൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് ഒരു മുതിർന്ന പഞ്ചാബ് ഉദ്യോഗസ്ഥൻ പറഞ്ഞു. അവരിൽ ചിലർ നിയമവിരുദ്ധമായി യുഎസിൽ പ്രവേശിച്ചു, മറ്റുള്ളവർ വിസ കാലാവധി കഴിഞ്ഞിട്ടും അവിടെ തങ്ങി.
അനധികൃത കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയക്കുമെന്നും അവരെ അതത് രാജ്യങ്ങൾ തിരികെ സ്വീകരിക്കണമെന്നും ട്രംപ് നിലപാട് എടുത്തിരുന്നു. ഈ നീക്കത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഡീപോർട്ടേഷൻ നടപടിയുമായി സഹകരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയ്ശങ്കർ കഴിഞ്ഞ മാസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ അറിയിച്ചിരുന്നു.
പ്യൂ റിസർച്ച് സെന്ററിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ നിന്നുള്ള ഏകദേശം 7,25,000 അനധികൃത കുടിയേറ്റക്കാർ യുഎസിൽ താമസിക്കുന്നുണ്ട്. മെക്സിക്കോയ്ക്കും എൽ സാൽവഡോറിനും ശേഷം യു.എസിലെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ മൂന്നാമതാണ് ഇന്ത്യ.
യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പുറത്തു വിട്ട കണക്ക് പ്രകാരം 2020 ഒക്ടോബറിനും 2024 ഓഗസ്റ്റിനും ഇടയിൽ, ഏകദേശം 86,400 ഇന്ത്യക്കാരെ യുഎസ്-മെക്സിക്കോ അതിർത്തിയിലും 88,800 പേരെ കാനഡയുമായുള്ള വടക്കൻ അതിർത്തിയിലും തടഞ്ഞിട്ടുണ്ട്.