ദില്ലി: വിമാനത്താവളങ്ങളിൽ എത്രയും പെട്ടെന്ന് ബാഗേജ് ഡെലിവറി നടത്തണമെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഇന്ത്യയിലെ ഏഴോളം വിമാനക്കമ്പനികൾക്കാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ നിർദ്ദേശം നൽകിയത്. പ്രധാന വിമാനത്താവളങ്ങളിൽ മാസങ്ങളോളം ബാഗേജ് എത്തുന്ന സമയം നിരീക്ഷിച്ചതിന് ശേഷമാണ് ഏജൻസിയുടെ നടപടി. അനുവദനീയമായതിലും വളരെ അധികം സമയമെടുത്താണ് ഇപ്പോൾ ലഗ്ഗേജ് ഡെലിവറി നടത്തുന്നതെന്ന് ഏജൻസി ചൂണ്ടിക്കാട്ടുന്നു.
എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ, സ്പൈസ്ജെറ്റ്, വിസ്താര, എയർ ഇന്ത്യ എക്സ്പ്രസ് കണക്റ്റ്, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്പനികൾക്കാണ് നിർദേശം ലഭിച്ചത്. ഓപ്പറേഷൻ മാനേജ്മെൻ്റ്,ഡെലിവറി ചട്ടങ്ങൾ പ്രകാരം വിമാനം എത്തി അരമണിക്കൂറിനകം ലഗ്ഗേജുകൾ യാത്രക്കാരന് കൈമാറണമെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു. ഫെബ്രുവരി 26-നകം ലഗ്ഗേജ് ഡെലിവറി വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ്റെ നിർദേശം.
ആറ് പ്രധാന വിമാനത്താവളങ്ങളിലെ ബെൽറ്റ് ഏരിയകളിൽ ബാഗേജുകൾ എത്തിച്ചേരുന്ന സമയം ട്രാക്ക് ചെയ്യുന്നതിനായി 2024 ജനുവരിയിൽ BCAS നിരീക്ഷണം ആരംഭിച്ചിരുന്നു. മുൻകാലങ്ങളേക്കാൾ വേഗത്തിൽ ഇപ്പോൾ ലഗ്ഗേജുകൾ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും നിലവിലുള്ള മാനദണ്ഡ പ്രകാരം ലഗ്ഗേജ് ലഭിക്കാനുള്ള കാത്തിരിപ്പ് സമയം ഇനിയും കുറയ്ക്കണം എന്നാണ് അധികൃതരുടെ വിലയിരുത്തൽ. വിമാനത്തിൻ്റെ എഞ്ചിൻ ഷട്ട്ഡൗൺ ചെയ്ത് 10 മിനിറ്റിനുള്ളിൽ ആദ്യത്തെ ബാഗ് ബെൽറ്റിൽ എത്തണമെന്നും അവസാന ബാഗ് 30 മിനിറ്റിനുള്ളിൽ എത്തിച്ചേരണമെന്നുമാണ് ഒഎംഡിഎ മാർഗ്ഗനിർദേശം.