ദില്ലി: യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് ഡൽഹി മെട്രോ. ഫെബ്രുവരി 13 ചൊവ്വാഴ്ച മാത്രം ഡൽഹി മെട്രോയിൽ സഞ്ചരിച്ചത് 71.09 ലക്ഷം പേരാണ്. 2023 സെപ്റ്റംബറിൽ നാലിന് 71.01 ലക്ഷം യാത്രക്കാർ സഞ്ചരിച്ചതിൻ്റെ റെക്കോർഡാണ് ഇന്നലെ തിരുത്തപ്പെട്ടത്.,
ദില്ലി അതിർത്തിയിലെ കർഷക പ്രക്ഷോഭം മൂലമുണ്ടായ ഗതാഗത തടസ്സമാണ് റെക്കോർഡ് യാത്രക്കാർ മെട്രോയിൽ സഞ്ചരിക്കാൻ കാരണമായതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന നിരീക്ഷണം. പത്ത് വ്യത്യസ്ത ലൈനുകളിലായി 350 കിലോമീറ്റർ ദൂരത്തിലാണ് ഡൽഹി മെട്രോയിൽ നിലവിൽ ഗതാഗതമുള്ളത്. യാത്രക്കാരുടെ തിരക്കനുസരിച്ച് പല ലൈനുകളിലും ആറോ എട്ടോ കോച്ചുകളുള്ള ട്രെയിനുകളാണ് സർവ്വീസ് നടത്തുന്നത്. മൂന്ന് മിനിറ്റ് ഇടവേളയിൽ വരെ ട്രെയിനുകൾ നിലവിൽ സർവ്വീസ് നടത്തുന്നുണ്ട്.
രാജ്യതലസ്ഥാനത്തേക്കുള്ള കർഷകസംഘടനകളുടെ മാർച്ച് കണക്കിലെടുത്ത് ദില്ലി അതിർത്തിയിലെ പല പാതകളും അടച്ചിടുകയോ ഗതാഗതം തിരിച്ചു വിടുകയോ ചെയ്തിരുന്നു. സിംഗ്, ടിക്രി അതിർത്തികളിൽ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചത് ഗതാഗതത്തെ ബാധിച്ചിരുന്നു. ഹരിയാനയിലെ സിംഗു, ടിക്രി അതിർത്തികൾ വാഹന ഗതാഗതത്തിനായി പോലീസ് പൂർണ്ണമായും അടച്ചിട്ടുണ്ടെങ്കിലും ഗാസിപൂർ അതിർത്തിയിൽ ഇപ്പോഴും വാഹനങ്ങൾ നിയന്ത്രിതമായി അനുവദിച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ അപ്സര, ഗാസിപൂർ അതിർത്തികൾ ഗതാഗതത്തിനായി തുറന്നിരിക്കുന്നത് തുടരുന്നു, എന്നാൽ രണ്ടിടത്തും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്..
കർഷകരുടെ ‘ദില്ലി ചലോ’ മാർച്ചിൻ്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സെൻട്രൽ ഡൽഹിയിൽ വൻതോതിൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്, അതേസമയം സമരക്കാരുടെ മുന്നേറ്റം നിയന്ത്രിക്കാൻ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.
Delhi Metro broke its highest Passenger journeys record set in September 2023 by registering an unmatched 71.09 lakh passenger journeys on Tuesday (February 13, 2024), the highest ever daily passenger journeys. pic.twitter.com/xgtuEUS0dI
— Delhi Metro Rail Corporation (@OfficialDMRC) February 14, 2024