ദില്ലി: യമുന നദി കരകവിഞ്ഞൊഴുകിയതോടെ ദില്ലി നഗരത്തിലെ ജനജീവിതം ദുസ്സഹമായി. ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണ് ഇപ്പോൾ ദില്ലിയിൽ അനുഭവപ്പെടുന്നത്. അതേസമയം ഇന്നലെ രാത്രി മുതൽ ജലനിരപ്പ് പതിയെ താഴാൻ ആരംഭിച്ചിട്ടുണ്ടെന്ന് ദില്ലി പൊതുമരാമത്ത് മന്ത്രി അതിഷി അറിയിച്ചു.
ഇന്നലെ എക്കാലത്തെയും ഉയർന്ന നിലയിലെത്തിയ യമുന നദിയിലെ ജലനിരപ്പ് സാവധാനത്തിൽ താഴ്ന്നുകൊണ്ടിരിക്കുമ്പോഴും ഡൽഹിയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കവിഞ്ഞൊഴുകുന്ന യമുനയിൽ നിന്നുള്ള വെള്ളം ദേശീയ തലസ്ഥാനത്തെ വെള്ളത്തിനടിയിലാക്കിയതിനാൽ ഡൽഹി സർക്കാർ ഇന്നലെ സ്കൂളുകളും കോളേജുകളും കൂടാതെ ശ്മശാനങ്ങളും ജലശുദ്ധീകരണ പ്ലാന്റുകളും പോലും അടച്ചുപൂട്ടി.
നഗരത്തിൻ്റെ മധ്യഭാഗത്തുള്ള തിലക് മാർഗിൽ സ്ഥിതി ചെയ്യുന്ന സുപ്രീം കോടതി കോംപൌണ്ടിൽ വരെ പ്രളയജലം എത്തി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിൻ്റെ പകുതി ഭാഗവും വെള്ളം കയറിയ നിലയിലാണ്. രാവിലെ 6 മണിയ്ക്ക് യമുനയിലെ ജലനിരപ്പ് 208.46 മീറ്ററാണ്, ഇന്നലെ രാത്രിയിലെ 208.66 നേക്കാൾ അല്പം കുറവാണ് ഇത്. ഇന്ന് ജലനിരപ്പ് താഴുമെന്നും ഉച്ചയ്ക്ക് ഒരുമണിയോടെ 208.30 മീറ്ററിലെത്തുമെന്നും കേന്ദ്ര ജല കമ്മീഷൻ പ്രവചിക്കുന്നു.
പ്രളയം കാരണം രാജ്യതലസ്ഥാനത്തെ ചില പ്രദേശങ്ങളിൽ കുടിവെള്ളവും വൈദ്യുതിയും മുടങ്ങുമെന്ന് ഡൽഹി അധികൃതർ അറിയിച്ചു. ഫ്രാൻസിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തരമന്ത്രി അമിത് ഷായെ ഫോണിൽ ബന്ധപ്പെട്ട് വെള്ളപ്പൊക്ക സാഹചര്യത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു.
അവശ്യസർവ്വീസുകളിൽ ഉൾപ്പെടാത്ത സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, കോളേജുകൾ എന്നിവ ഞായറാഴ്ച വരെ അടച്ചിടണമെന്ന് ഡൽഹി ദുരന്ത നിവാരണ അതോറിറ്റി വ്യാഴാഴ്ച നിർദ്ദേശിച്ചു. സിംഹു ഉൾപ്പെടെ നാല് അതിർത്തികളിൽ നിന്ന് അവശ്യവസ്തുക്കളുമായി വരുന്നവ ഒഴിച്ച് മറ്റെല്ലാം ഹെവി വാഹനങ്ങളുടേയും പ്രവേശനം വിലക്കിയിട്ടുണ്ട്.
ദില്ലിയെ കൂടാതെ പഞ്ചാബിലും ഹരിയാനയിലും കനത്ത മഴയിൽ വ്യാപകനാശമുണ്ടായി. ഹരിയാനയിൽ 16 പേർ മഴക്കെടുതിയിൽ മരിച്ചു. പഞ്ചാബിൽ 11 മരണങ്ങളുണ്ടായി. അതേസമയം മഴയുടെ ശക്തി കുറഞ്ഞതോടെ അവിടെ ദുരിതാശ്വാസപ്രവർത്തനങ്ങൾ സജീവമാണ്. പഞ്ചാബിൽ 14 ജില്ലകളിലും ഹരിയാനയിലെ ഏഴ് ജില്ലകളിലും ആണ് രൂക്ഷമായ മഴക്കെടുതിയുണ്ടായത്.
ജലനിരപ്പ് ഉയരുന്നില്ല എന്നതാണ് നല്ല വാർത്ത, ഇന്നലെ ഉച്ചയ്ക്ക് 1 മുതൽ രാത്രി 7 വരെ ഇത് സ്ഥിരമായിരുന്നു, ഇപ്പോൾ അത് വളരെ ക്രമേണ കുറയുന്നു. എന്നാൽ 0.1 മീറ്റർ എന്ന തോതിൽ വെള്ളം താഴുന്നതിനാൽ വെള്ളം ഇറങ്ങാൻ ഒരു ദിവസമെടുക്കും. എല്ലാ ഡ്രയിനെജുകളും നിറഞ്ഞതിനാൽ വെള്ളം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു , ബാക്ക്ഫ്ലോ ആണ് പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാക്കുന്നത്. വെള്ളം യമുനയിലേക്ക് തന്നെ പോകേണ്ടതിനാലും അതിന്റെ ജലനിരപ്പ് ഇതിനകം ഉയർന്നതിനാലും പമ്പിംഗ് ഇപ്പോൾ സാധ്യമല്ല.. ഈ ബുദ്ധിമുട്ട് ഒരു വ്യക്തിയോ സാഹചര്യമോ മൂലമല്ല, മറിച്ച് ഉത്തരേന്ത്യയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴ മൂലമാണ്. വെള്ളം സാവധാനം കുറയുന്നു എന്നതാണ് നല്ല കാര്യം…” – ദില്ലി പൊതുമരാമത്ത് മന്ത്രി അതിഷി വ്യക്തമാക്കി.