തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന അപകടങ്ങളിലെ മരണ നിരക്കില്‍ കുറവുണ്ടായെന്ന് കണക്കുകൾ. കഴിഞ്ഞ വർഷം (2024) 3714 പേരാണ്
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ മരണപ്പെട്ടത്.
2023ല്‍ അപകട മരണ നിരക്ക് 4080 ആയിരുന്നു. ഈ മരണകണക്കിലാണ് പത്ത് ശതമാനത്തിന് അടുത്ത് കുറവുണ്ടായത്. തുടർച്ചയായുണ്ടായ വാഹനാപകടങ്ങളിൽ നിരവധി മരണങ്ങൾ ഡിസംബറിൽ ഉണ്ടായതിന് പിന്നാലെയാണ് വാഹനാപകടങ്ങളിലെ മരണനിരക്ക് കുറഞ്ഞുവെന്ന കണക്ക് മോട്ടോർ വാഹനവകുപ്പ് പങ്കുവച്ചിരിക്കുന്നത്. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് മരണനിരക്ക് കുറയുന്നത്.
ഇരുചക്രവാഹന യാത്രക്കാരാണ് കഴിഞ്ഞ വർഷവും മരിച്ചതില്‍ അധികവും. 2025ന്റെ തുടക്കത്തില്‍ അടക്കം കേരളത്തില്‍ പലയിടങ്ങളിലായുള്ള വാഹനാപകടത്തില്‍ ജീവനുകള്‍ പൊലിഞ്ഞിരുന്നു. പുതുവത്സര ദിനത്തില്‍ വാഹനാപകടങ്ങളിലായി എട്ടോളം പേരാണ് മരിച്ചത്. അതേസമയം അപകടമരണങ്ങൾ കുറഞ്ഞെങ്കിലും ചെറുതും വലതുമായ അപകടങ്ങളുടെ എണ്ണം കുത്തനെ കൂടുകയാണ്.