കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. സുധീഷിന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും കുടുംബം ആരോപിച്ചു.
തിങ്കളാഴ്ച വൈകുന്നേരമാണ് സിപിഒ സുധീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച അദ്ദേഹം ജോലിക്കെത്തിയിരുന്നു. രാവിലെ 11 മണിയോടെയാണ് അദ്ദേഹത്തെ കാണാതായത്. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് സുധീഷിനെ സ്റ്റേഷനടുത്തുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വൈകുന്നേരം കണ്ടെത്തിയ മൃതദേഹം രാത്രി 9.30 ഓടെയാണ് അഴിച്ചുമാറ്റി ഇന്‍ക്വസ്റ്റ് നടത്തിയത്. മൃതദേഹം അഴിച്ചുമാറ്റുന്ന സമയത്ത് തങ്ങളെ ആരെയും അടുപ്പിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.
സുധീഷിനെ കാണാതായതിനെ തുടര്‍ന്ന് പരിശോധിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഫോണുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ ഫോണ്‍ കാണാതായതില്‍ ദുരൂഹത ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.
ജോലി സംബന്ധമായ വിഷയങ്ങളില്‍ സുധീഷ് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നുണ്ട്. കുറ്റ്യാടി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായിരുന്നു സുധീഷ്. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. ചുമതല കൈമാറിയെങ്കിലും കേസുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കിയില്ല. ഇവ തയ്യാറാക്കി നല്‍കുന്നതിന് ചുമതലപ്പെടുത്തിയത് സുധീഷിനെയായിരുന്നു. രേഖകള്‍ തയ്യാറാക്കി നല്‍കാനുള്ള സമയപരിധി കഴിഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹം കടുത് മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി കുടുംബം പറയുന്നു.