തിരുവനന്തപുരം: കേരളത്തിൽ മഴ വീണ്ടും സജീവമായി. ഇനിയുള്ള ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വടക്ക് കിഴക്കൻ അറബിക്കടലിൽ ഗുജറാത്തിലെ കച്ചിനും പാകിസ്ഥാനും സമീപത്തായി രൂപപ്പെട്ട അതിതീവ്രന്യൂനമർദ്ദം വെള്ളിയാഴ്ച വൈകുന്നേരത്തോടെ അസ്ന ചുഴലിക്കാറ്റായി മാറി. അടുത്ത ആറ് മണിക്കൂറിൽ ‘അസ്ന’ ചുഴലിക്കാറ്റ് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് കൂടുതൽ ശക്തിയാർജ്ജിക്കും. റ്റ് പടിഞ്ഞാറ് – വടക്ക് ദിശയിൽ സഞ്ചാരം തുടരുന്ന ചുഴലിക്കാറ്റ് അടുത്ത രണ്ട് ദിവസത്തിനകം ഇന്ത്യൻ തീരത്ത് നിന്നും അകലേക്ക് മാറാനാണ് സാധ്യത.
ബംഗാൾ ഉൾക്കടലിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തായി ആന്ധ്രാപ്രദേശിനും തെക്കൻ ഒഡീഷയ്ക്കും സമീപത്തായി സ്ഥിതി ചെയ്ത ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറിയിട്ടുണ്ട്. അടുത്ത 36 മണിക്കൂറിൽ ശക്തിയേറിയ ന്യൂനമർദ്ദം പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദ്ദം ആകാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് (ആഗസ്റ്റ് 30) അതിശക്തമായ മഴക്കും അടുത്ത 7 ദിവസം ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
10 ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. 10 ജില്ലകളിലാമ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അറബിക്കടലിലെത്തിയ ന്യൂനമർദത്തെ തുടർന്നാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. ഇടിമിന്നലിനുംകാറ്റിനും സാധ്യതയുണ്ടെന്നും കേരളാ തീരത്ത് മത്സ്യബന്ധനം പാടില്ലെന്നും കാലാവസ്ഥാ വിഭാഗം നിർദ്ദേശിച്ചു.