എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് റോഡില്‍ ഇറങ്ങി പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെ കേന്ദ്ര ഇടപെടല്‍. ഗവര്‍ണര്‍ക്ക് കേന്ദ്രം ഇസഡ് പ്ലസ് സുരക്ഷ ഒരുക്കുന്നതായി ഔദ്യോഗികമായി അറിയിച്ചു. സി.ആര്.പി.എഫ് കമാന്‍ഡോകളാണ് സുരക്ഷ നല്‍കുക.

നിലവില്‍ കേരള പൊലീസ് ആണ് ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കുന്നത്. ഇന്ന് ഉണ്ടായ പശ്ചാത്തലത്തിന് പിന്നാലെയാണ് അദ്ദേഹത്തിന് കേന്ദ്രം സുരക്ഷ ഒരുക്കുമെന്ന് അറിയിച്ചത്. പ്രതിഷേധ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഗവര്‍ണറെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കിയതായി രാജ്ഭവന് വൃത്തങ്ങള്‍ അറിയിച്ചു. ഉപരാഷ്ട്രപതി ജഗ്ധീപ് ധന്‍കര്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഗവര്‍ണറെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കിയതായും അറിയിച്ചു.
കരിങ്കൊടി കാണിച്ചാല്‍ കുഴപ്പമുണ്ടായിരുന്നില്ല. പക്ഷെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കാറിന് മുന്നിലേക്ക് വന്ന് ഇടിക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് താന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങിയതെന്നാണ് ഗവര്‍ണറുടെ വാദം. ഇത്രയും പൊലീസുകാര്‍ ഉണ്ടായിട്ടും എന്തുകൊണ്ട് പ്രതിഷേധക്കാരെ മാറ്റാന്‍ ശ്രമിച്ചില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയന് പോകുമ്പോള്‍ ഇങ്ങനെയാണോ പ്രവര്‍ത്തിക്കുക എന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു.
പ്രധാനമന്ത്രിയെയോ അമിത്ഷായെയോ വിളിക്കൂ എന്നും ഗവര്‍ണര്‍ പറഞ്ഞു. 17 എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് അതിന്റെ എഫ്.ഐ.ആര് പരിശോധിച്ച ശേഷമാണ് ഗവര്‍ണര്‍ റോഡില്‍ നിന്ന് എഴുന്നേറ്റ് വണ്ടിയില്‍ കയറിയത്.
