ദില്ലി: സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസ്സായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹത്തിൻ്റെ ആരോഗ്യനില വഷളായിരുന്നു. വൈകിട്ട് മൂന്നരയോടെയാണ് മരണം സംഭവിച്ചത്.
32 വർഷമായി സിപിഎം പിബി അംഗമായിരുന്ന യെച്ചൂരി 2015-ലെ വിശാഖപട്ടണം പാർട്ടി കോണ്‍ഗ്രസിലാണ് പാർട്ടിയുടെ ജനറൽ സെക്രട്ടറി പദവിയിലേക്ക് എത്തിയത്. പിന്നീട് രണ്ട് തവണ കൂടി ഇതേ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യസഭാ അംഗമായിരുന്നു. മികച്ച പാർലമെൻ്റിയനായി അദ്ദേഹം പേരെടുത്തിരുന്നു. യെച്ചൂരിയുടെ മൃതദേഹം ഡൽഹി എയിംസിന് വിട്ടു നൽകുമെന്ന് സിപിഎം വൃത്തങ്ങൾ അറിയിച്ചു. യെച്ചൂരിയുടെ ആഗ്രഹപ്രകാരമാണ് ഈ തീരുമാനം.