പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ എതിർപ്പ് പരസ്യപ്പെടുത്തി പി.സരിൻ. ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിലാണ് കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ കൂടിയായ ഡോ. പി സരിൻ അതൃപ്തി പരസ്യമാക്കിയത്.
വ്യക്തികളുടെ താത്പര്യത്തിനായി പാർട്ടി വഴങ്ങരുതെന്നും വഴങ്ങിയാൽ ഹരിയാന ആവർത്തിക്കുമെന്നും സരിൻ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. കണ്ണടച്ച് ഇരുട്ടാക്കരുത് പാർട്ടിയിൽ ഉൾപ്പാർട്ടി ജനാധിപത്യവും ചർച്ചകളും വേണമെന്നും സരിൻ പറഞ്ഞു. കെപിസിസി മീഡിയ സെൽ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും താൻ ലെഫ്റ്റ് അടിച്ചതായുള്ള വാർത്തയും സരിൻ നിഷേധിച്ചു.
അതേസമയം സരിൻ്റെ വാർത്താസമ്മേളനം പ്രാഥമികമായി അച്ചടക്ക ലംഘനമാണെന്ന വിലയിരുത്തലിലാണ് കെപിസിസി. കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ തള്ളിപ്പറഞ്ഞ സരിൻ്റെ നടപടി ഗുരുതര അച്ചടക്ക ലംഘനമായി നേതൃത്വം വിലയിരുത്തുന്നു. അതേസമയം സരിനെ അനുനയിപ്പിച്ച് നിർത്താനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ.
പാലക്കാട്ടെ സിറ്റിംഗ് എംഎൽഎയും വടകര എംപിയുമായ ഷാഫി പറമ്പിലിൻ്റേയും പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റേയും പിന്തുണയോടെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത്. അതേസമയം സരിനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരന് താത്പര്യം എന്നാണ് പുറത്തു വരുന്ന വാർത്തകൾ.
അതിനിടെ സരിൻ അതൃപ്തി പ്രകടിപ്പിച്ചു പുറത്തു വന്നതോടെ സിപിഎം അണിയറ നീക്കങ്ങൾ സജീവമാക്കി രംഗത്ത് എത്തി. പാലക്കാട്ടെ സിപിഎം നേതൃത്വം ഇതിനോടകം സരിനുമായി ചർച്ച നടത്തിയെന്നാണ് സൂചന. സരിനെ സ്വതന്ത്രസ്ഥാനാർത്ഥിയാക്കി മത്സരിപ്പിക്കുന്നതടക്കമുള്ള സാധ്യതകളും ചർച്ചയിലുണ്ട്. ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ പാലക്കാട് അണിനിരത്താനാണ് ശ്രമമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.