തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ ഇളയമകൻ അഫ്സാൻ മരണപ്പെട്ട വിവരം മാതാവ് ഷെമീനയെ അറിയിച്ചു. ഇന്ന് രാവിലയോടെയാണ് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഷെമീനയെ ഇളയമകൻ മരണപ്പെട്ട വിവരം അറിയിച്ചത്.
ഇന്ന് രാവിലെ രമേശ് ചെന്നിത്തല ഷെമിയെ ആശുപത്രിയിൽ എത്തി കണ്ടിരുന്നു. ചെന്നിത്തലയോടും ഷെമി ഇളയമകൻ്റെ കാര്യം അന്വേഷിച്ചുവെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ഭർത്താവ് അബ്ദുൾ റഹീം അഫ്സാൻ്റെ മരണവിവരം ഷെമിയെ അറിയിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി തന്നെ കാണാൻ വരുന്നവരോടെല്ലാം എന്താണ് മക്കൾ കാണാൻ വരാത്തതെന്ന് ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ഷെമീനയുടെ ഇളയമകൻ, റഹീമിൻ്റെ മാതാവ്, സഹോദരൻ, സഹോദരൻ്റെ ഭാര്യ, അഫാൻ്റെ സുഹൃത്ത് ഫർസാന എന്നിവർ ഒന്നും കൊലപ്പെട്ടത് ഷെമീനയ്ക്ക് അറിയില്ല. ഇളയമകനും അഫാനും ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും അതിൽ ഇളയമകൻ മരിച്ചെന്നും അഫാൻ ഗുരുതരാവസ്ഥയിലാണെന്നും മാത്രമാണ് ഷെമീനയ്ക്ക് ഇപ്പോൾ അറിയുന്നത്. അഫ്സാൻ്റെ മരണവാർത്ത അറിഞ്ഞ് നിലവിളിച്ചു കരഞ്ഞ ഷെമീനയ്ക്ക് സൈക്യാട്രി വിഭാഗം ഡോക്ടർമാർ എത്തി പിന്നീട് കൌണ്സിലിംഗ് നൽകി. വരും ദിവസങ്ങളിൽ ബാക്കിയുള്ളവരുടെ മരണവിവരങ്ങളും അഫ്സാൻ്റ കാര്യവും ഷെമീനയെ അറിയിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം ഇതിനു ശേഷം വേണം പൊലീസിന് ഷെമീനയെ ചോദ്യം ചെയ്യാൻ.
ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷെമീന ബോധം വന്ന ശേഷം ആദ്യം തിരക്കിയത് മക്കളെയാണ്. പൊലീസിനോടും മൊഴിയെടുക്കാൻ എത്തിയ മജിസ്ട്രേറ്റിനോടും ഷെമീന പറഞ്ഞത് താൻ കട്ടിലിൽ നിന്നും വീണുവെന്നാണ്. തലയ്ക്ക് ക്ഷതമേറ്റ ഗുരുതരാവസ്ഥയിലായതിനാൽ ഷെമീനയെ പിന്നീട് ചോദ്യം ചെയ്യാനോ മൊഴിയെടുക്കാനോ പൊലീസ് ശ്രമിച്ചിട്ടില്ല. അഫാൻ ആക്രമിച്ച ആറ് പേരിൽ ജീവനോടെ ബാക്കിയുള്ള ഒരേഒരാൾ ഷമീനയാണ് ഇത്ര ഗുരുതരമായി ആക്രമിക്കപ്പെട്ടിട്ടും മകനെതിരെ അവർ മൊഴി കൊടുത്തിട്ടില്ല. കൊലപാതകത്തിൻ്റെ പൂർണചിത്രം വ്യക്തമാവുന്നതോടെ ഷെമീന പൊലീസിന് ശരിയായ മൊഴി കൊടുക്കുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
അതേസമയം കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ട അഫാനെ വെഞ്ഞാറമൂട് സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്. പണം കടം തരാൻ മുത്തശ്ശി തയ്യാറാവാതെ വന്നതോടെയാണ് അവരെ കൊല്ലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് അഫാൻ ഇന്നും പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിൽ മറ്റു ബാഹ്യ ഇടപെടലോ സ്വാധീനമോ ഇല്ലെന്നും ഏതെങ്കിലും സിനിമ കണ്ടല്ല ഇങ്ങനെ ഒരു ക്രൂരകൃത്യം ചെയ്തതെന്നും അഫാൻ പൊലീസിനോട് പറഞ്ഞതായാണ് വിവരം.