ദില്ലി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, സോണിയ ഗാന്ധി, ലോക്സഭാ കക്ഷി നേതാവ് അധീർരജ്ഞൻ ദാസ് ചൗധരി എന്നിവർക്കുള്ള ക്ഷണമാണ് ബഹുമാനത്തോടെ നിരസിക്കുന്നതായി കോൺഗ്രസ് വ്യക്തമാക്കിയത്.
“നമ്മുടെ രാജ്യത്ത് കോടിക്കണക്കിന് ആളുകളാണ് രാമനെ ആരാധിക്കുന്നത്. മതം വ്യക്തിപരമായ കാര്യമാണ്. എന്നാൽ ആർഎസ്എസും ബിജെപിയും പണ്ട് മുതലേ അയോധ്യയിലെ ക്ഷേത്രത്തെ ഒരു രാഷ്ട്രീയ വിഷയമാക്കി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ബിജെപിയുടെയും ആർഎസ്എസിന്റെയും നേതാക്കൾ പണി പൂർത്തിയാവാത്ത ക്ഷേത്രം ഉദ്ഘാടനം ചെയുകയാണ്. തിരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടിയാണ് ഇപ്പോൾ ഇങ്ങനെയൊരു ഉദ്ഘാടനനാടകം.
ഈ സാഹചര്യത്തിൽ 2019ലെ സുപ്രീം കോടതി വിധി പാലിച്ചുകൊണ്ടും രാമനെ ബഹുമാനിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വികാരം മാനിച്ചുകൊണ്ടും മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, അധീർ രഞ്ജൻ ചൗധരി എന്നിവർ ആർഎസ്എസ്/ബിജെപി പരിപാടിയിലേക്കുള്ള ക്ഷണം ആദരപൂർവം നിരസിക്കുകയാണ് – മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.