മലയാളം സിനിമാ നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും ചേർന്ന് ഖത്തറിൽ സംഘടിപ്പിക്കാനിരുന്ന താരനിശ മുടങ്ങിയതിനെ ചൊല്ലി തർക്കം മുറുകുന്നു. താരനിശ സംഘടിപ്പിക്കുന്നതിൽ വീഴ്ചയെ ചൊല്ലി പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഭിന്നത രൂക്ഷമാണെന്നാണ് സൂചന.
ഉടൻ ജനറൽ ബോഡി വിളിച്ച് എന്താണ് സംഭവിച്ചതെന്ന് നേതൃത്വം വിശദീകരിക്കണമെന്നാണ് ഒരു വിഭാഗം നിർമ്മാതാക്കളുടെ ആവശ്യം. എന്നാൽ ഷോ റദ്ദാക്കിയത് മൂലം സംഘടനയ്ക്ക് സാമ്പത്തിക നഷ്ടമൊന്നും ഉണ്ടാവാതിരുന്ന സാഹചര്യത്തിൽ ജനറൽ ബോഡി വിളിക്കേണ്ടെന്ന നിലപാടിലാണ് നേതൃത്വം.
മമ്മൂട്ടി, മോഹൻലാൽ,ദിലീപ്, ജയറാം കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ തുടങ്ങി മലയാളസിനിമയിലെ 180-ലേറെ താരങ്ങളാണ് മോളിവുഡ് മാജിക്ക് എന്ന പരിപാടിക്കായി കഴിഞ്ഞ ആഴ്ച ഖത്തറിലെത്തിയത്. നയണ്‍ വണ്‍ർ ഇവൻ്റസായിരുന്നു പരിപാടിയുടെ സംഘാടകർ. ലോകകപ്പ് ഫുട്ബോളിലൂടെ പ്രശസ്തമായ ഖത്തറിലെ 974 സ്റ്റേഡിയത്തിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. പരിപാടിക്ക് മുൻപായുള്ള പരിശീലനത്തിനായും മറ്റും ദിവസങ്ങൾക്ക് മുൻപേ തന്നെ താരങ്ങളെല്ലാം ദോഹയിലെത്തിയിരുന്നു. എന്നാൽ പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകൾ മുൻപാണ് ഷോ റദ്ദാക്കിയതായി സംഘടാകർ അറിയിച്ചത്. അതിനോടകം തന്നെ ഷോയുടെ മുഴുവൻ ടിക്കറ്റുകളും വിറ്റു പോയിരുന്നു.
പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകൾ മുൻപാണ് സങ്കേതിക പ്രശ്നങ്ങളും പ്രതികൂല കാലാവസ്ഥയും കാരണം പരിപാടി റദ്ദാക്കുന്നുവെന്നാണ് നയണ്‍ വണ്‍ ഇവൻ്റ്സ് സോഷ്യൽ മീഡിയ ഹാൻഡിൽ വഴി അറിയിച്ചത്. 60 ദിവസത്തിനകം ടിക്കറ്റിൻ്റെ പണം തിരികെ നൽകുമെന്നും അവർ പോസ്റ്റിലൂടെ പറഞ്ഞിരുന്നു. ഷോ റദ്ദാക്കിയതിന് പിന്നാലെ സംഘാടകർ മുങ്ങിയെന്നാണ് വിവരം. ഇവരെ ബന്ധപ്പെടാൻ ആർക്കും സാധിച്ചില്ല. ഇതോടെ താരങ്ങളുടെ താമസവും യാത്രയും അടക്കമുള്ള കാര്യങ്ങൾ അവതാളത്തിലായി. താരങ്ങൾക്ക് തിരികെ പോകാനായി ബുക്ക് ചെയ്ത ടിക്കറ്റുകളെല്ലാം ഇവൻ്റ് മാനേജ്മെൻ്റ് കമ്പനി ഇതിനിടെ റദ്ദാക്കുകയും ചെയ്തു.
ഇതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പണം മുടക്കി താരങ്ങൾക്ക് മുറിയെടുത്തു കൊടുത്തു. അടുത്ത ദിവസം തന്നെ ഇവർക്കുള്ള വിമാനടിക്കറ്റുകളും എടുത്തു കൊടുത്ത് നാട്ടിലെത്തിച്ചു. ഷോയുടെ അഡ്വാൻസായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കിട്ടിയ തുകയുടെ പകുതിയും ഈ വഴിയ്ക്ക് ചിലവായെന്നാണ് സൂചന.
അതേസമയം ഷോയ്ക്ക് വേണ്ടി കരാർ ഒപ്പിട്ട തുകയുടെ 95 ശതമാനവും അസോസിയേഷന് കിട്ടിയിട്ടുണ്ടെന്നും പണം വാങ്ങാതെയാണ് അമ്മ താരങ്ങൾ ഷോയിൽ സഹകരിച്ചതെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കുന്നു. അതിനാൽ തന്നെ ഷോ മുടങ്ങിയെങ്കിലും അസോസിയേഷന് നഷ്ടം സംഭവിച്ചിട്ടില്ല. താരങ്ങളെ തിരികെയെത്തിച്ചതിനുള്ള യാത്രാചിലവ് കമ്പനി നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കുന്നു. ഷോ റദ്ദാക്കിയതിന് ഇവൻ്റ മാനേജ്മെൻ്റ് കമ്പനിക്കെതിരെ നിയമപരമായി നീങ്ങുമെന്നും അസോസിയേഷൻ വ്യക്തമാക്കുന്നു.
അതേസമയം ഖത്തറിലെ ഷോ മുടങ്ങിയ സാഹചര്യത്തിൽ കേരളത്തിൽ ഉടനെ ഒരു ഷോ നടത്താനുള്ള ആലോചനയും നിലവിൽ സജീവമാണ് ഖത്തർ ഷോയ്ക്ക് വേണ്ടി താരങ്ങൾ കാര്യമായി പരിശീലനം നടത്തിയ സാഹചര്യത്തിൽ കേരളത്തിലൊരു ഷോ നടത്തുക എന്ന നിർദേശം അമ്മയുടേയും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റേയും ഭാരവാഹികൾ ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്.