കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ മൊഴി മാറ്റി പരാതിക്കാരി. താൻ ഉന്നയിച്ച ആരോപണങ്ങളെല്ലാം തിരുത്തിയ പെൺകുട്ടി കേസിൽ രാഹുൽ സാക്ഷിയാണെന്നും പറഞ്ഞതെല്ലാം കളവാണെന്നും പറഞ്ഞു.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസെടുത്ത ഗാർഹിക പീഡനക്കേസിൽ ഒന്നാം പ്രതിയായ രാഹുൽ നിലവിൽ വിദേശത്ത് ഒളിവിലാണ്. ഇയാളുടെ സുഹൃത്ത് കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. രാഹുലിൻ്റെ മാതാവും സഹോദരിയും കേസിൽ മുൻകൂർജാമ്യത്തിലാണ്. കേസ് ആദ്യം അന്വേഷിച്ച പന്തീരാങ്കാവ് ഇൻസ്പെക്ടർ ഒരു മാസമായി സസ്പെൻഷനിലാണ്.
താൻ രാഹുലിനെ മിസ്സ് ചെയ്യുന്നുണ്ടെന്നും വീട്ടുകാരുടേയും വക്കീലിൻ്റേയും സമ്മർദ്ദം മൂലമാണ് മാധ്യമങ്ങൾക്ക് മുന്നിലും പൊലീസിലും വ്യാജമൊഴി നൽകിയതെന്നും പരാതിക്കാരിയായ നീമ ഹരിദാസ് സ്വന്തം യൂട്യൂബ് ചാനലിൽ പബ്ലിഷ് ചെയ്ത വീഡിയോയിൽ പറയുന്നു. അതേസമയം നീമയെ പത്ത് ദിവസമായി കാണാനില്ലെന്നും തിരുവനന്തപുരത്തേക്ക് ജോലിക്കായി പോയ നീമ ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നുമാണ് കുടുംബം പറയുന്നത്.
പെൺകുട്ടിയുടെ വാക്കുകൾ
ഒരു ഘട്ടത്തിലും രാഹുലേട്ടനോ കുടുംബമോ എന്നോട് സ്ത്രീധനം ആവശ്യപ്പെട്ടില്ല. കല്ല്യാണത്തിൻ്റെ മിക്ക ചിലവും നടത്തിയത് രാഹുലാണ്. വക്കീൽ പറഞ്ഞതോണ്ടാണ് 150 പവൻ സ്വർണ്ണവും കാറുമെല്ലാം ആവശ്യപ്പെട്ട് മർദ്ദിച്ചെന്ന് പറഞ്ഞത്. വേറൊരു വിഷയത്തിൽ ഞങ്ങൾ തമ്മിൽ മിസ് അണ്ടർ സ്റ്റാൻഡിംഗുണ്ടായിരുന്നു. അതേ ചൊല്ലി എന്നെ തല്ലിയിരുന്നു. അങ്ങനെ തല്ലിയപ്പോൾ ഞാൻ നേരെ ബാത്ത് റൂമിലേക്ക് പോയി. അവിടെ വച്ചു കാല് തെറ്റി വീണു എനിക്ക് പരിക്കേറ്റു.
എനിക്ക് ഒരു വർഷമായി മാട്രിമോണിയൽ സൈറ്റിൽ അക്കൗണ്ട് ഉണ്ടായിരുന്നു. അതിനിടയിലാണ് ഞാൻ രാഹുലേട്ടനെ പരിചയപ്പെട്ടത്. അതു പോലെ വേറെയും ചിലരെ പരിചയപ്പെട്ടിരുന്നു. അവരിൽ പലരുടേയും പ്രോപ്പസൽസ് പക്ഷേ മുന്നോട്ട് പോയില്ല. അങ്ങനെ പരിചയപ്പെട്ടവരിൽ ഒരാളാണ് സന്ദീപ്. ഏതാണ്ട് രണ്ട് മാസത്തോളം ഞാൻ അയാളോട് സംസാരിച്ചിരുന്നു. എന്നാൽ എനിക്ക് അയാളോട് എന്തോ ഒരു താത്പര്യക്കുറവുണ്ടായിരുന്നു. അതു ഞാൻ അയാളോട് ഓപ്പണായി പറഞ്ഞിരുന്നു.
എന്നാൽ എൻ്റെ വിവാഹശേഷം ഞാൻ ഞങ്ങളുടെ വിവാഹചിത്രം ഇൻസ്റ്റാഗ്രാമിൽ ഇട്ടിരുന്നു. ഇതു കണ്ട് സന്ദീപ് എനിക്ക് മെസേജയക്കുകയും തുടരെ വിളിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതു രാഹുലേട്ടൻ കണ്ടപ്പോൾ അദ്ദേഹത്തിന് ആകെ ദേഷ്യമായി. രാഹുലേട്ടനെ ഞാൻ ചതിക്കുകയാണോ എന്നാണ് പുള്ളി ചിന്തിച്ചത്. മാട്രിമോണിയൽ കണ്ട് പരിചയപ്പെട്ടവരെ ബ്ലോക്ക് ചെയ്യണമെന്നും കല്ല്യാണം ഉറപ്പിച്ചതോണ്ട് അവരുമായി ബന്ധം കീപ്പ് ചെയ്യരുതെന്നും രാഹുൽ ഏട്ടൻ എന്നോട്ട് നേരത്തെ പറഞ്ഞിരുന്നു. അങ്ങനെ എൻ്റെ കോൾ ലിസ്റ്റ് കണ്ടതോടെ രാഹുലേട്ടൻ ആകെ പ്രകോപിതനായി.എന്നെ രണ്ട് വട്ടം തല്ലി. അല്ലാതെ സ്ത്രീധനത്തെ ചൊല്ലിയല്ല എന്നെ അടിച്ചത്. വക്കീലാണ് എന്നോട് സ്ത്രീധനം ചോദിച്ചെന്നും മറ്റും പറയാൻ പറഞ്ഞത്.
എൻ്റെ വീട്ടിൽ നിന്നും 26 പേരാണ് അടുക്കള കാണാൽ ചടങ്ങിന് വന്നത്. അതിനു മുൻപേ തന്നെ ഞാനും രാഹുലേട്ടനും തമ്മിൽ എല്ലാ പ്രശ്നവും സോൾവാക്കിയിരുന്നു. എന്നാൽ അവര് വന്ന് ഞാൻ താഴോട്ട് ചെന്നപ്പോൾ എൻ്റെ മുഖത്ത് അടിച്ച പാടുണ്ടായിരുന്നു. പക്ഷേ ആ പാട് കണ്ടപ്പോൾ എൻ്റെ വീട്ടുകാർക്ക് സംശയം തോന്നി അവരെന്നെ ചോദ്യം ചെയ്തപ്പോൾ അടി കിട്ടിയ കാര്യം ഞാൻ പറഞ്ഞു. അതോടെ വീട്ടുകാർ എന്നെ ബലംപിടിച്ച് കൊണ്ടു പോയി. എനിക്ക് അവിടെ നിന്നും പോകാൻ ഒട്ടും തന്നെ താത്പര്യമുണ്ടായിരുന്നില്ല. എൻ്റെ വീട്ടുകാർ എന്നേയും കൊണ്ട് നേരെ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലേക്കാണ് പോയത്. അവിടെ വച്ച് പൊലീസുകാർ എന്നോടും രാഹുലേട്ടനോടും സംസാരിച്ചു. ഞങ്ങളോട് ഒന്നിച്ചു പോകാനാണ് പൊലീസുകാർ പറഞ്ഞത്. ഞാനും അതിനു തയ്യാറായിരുന്നുവെങ്കിലും ഞാൻ വന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യും എന്ന് വീട്ടുകാർ ഭീഷണിപ്പെടുത്തിയതോടെ എനിക്ക് അവരുടെ കൂടെ പോകേണ്ടി വന്നു. അപ്പോഴും രണ്ട് ദിവസം കഴിഞ്ഞ് തിരിച്ച് രാഹുലേട്ടന് അടുത്തേക്ക് വരാം എന്നായിരുന്നു ഞാൻ കരുതിയത്. പിന്നീട് നടന്ന പല കാര്യങ്ങളും ഞാൻ അറിഞ്ഞിരുന്നില്ല.
പിന്നെ മാധ്യമങ്ങളെല്ലാം കൂടി വീട്ടിലേക്ക് വന്നപ്പോൾ ആണ് ഞാൻ കാര്യങ്ങളെല്ലാം അറിയുന്നത്. അപ്പോഴേക്കും വീട്ടുകാർ ഒരു വെള്ള എ ഫോർ പേപ്പറിൽ എഴുതി തന്ന കാര്യങ്ങളൊക്കെ എനിക്ക് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറയേണ്ടി വന്നു. എന്നെ ഒരുപാട് സ്നേഹിക്കുകയും കെയർ ചെയ്യുകയും ചെയ്ത ആളാണ് എൻ്റെ ഭർത്താവ്.. അദ്ദേഹത്തിന് ഇങ്ങനെയൊക്കെ സംഭവിച്ചതിൽ ദുഖമുണ്ട്. രാഹുലേട്ടനോടും സുഹൃത്തുകളോടും കുടുംബത്തോടും ഞാൻ മാപ്പ് പറയുന്നു. ഈ കേസ് എങ്ങനെയെങ്കിലും എനിക്ക് പിൻവലിക്കണം. ഇതൊക്കെ എങ്ങനെ എൻ്റെ വീട്ടുകാർ എടുക്കും എന്ന് എനിക്ക് അറിയില്ല. ഞാൻ വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. കൗൺസിലിംഗെല്ലാം എടുത്തെങ്കിലും ഒന്നും ശരിയായില്ല.