കൊച്ചി: കയർ ബോർഡ് ജീവനക്കാരിയായിരുന്ന ജോളി സെറിബ്രൽ ഹെമറേജ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.മരിച്ച കയർ ബോർഡ് ജീവനക്കാരി ജോളി മധു അവസാനമായി എഴുതിയ കുറിപ്പ് പുറത്ത്. ബോധരഹിതയാവുംമുമ്പ് ജോളി എഴുതിയ, പൂർത്തിയാവാത്ത കുറിപ്പാണ് പുറത്തുവന്നത്.
തൊഴിലിടത്തിൽ മാനസികപീഡനം നേരിട്ടെന്നും ജീവനും ആരോഗ്യത്തിനും ഭീഷണി നേരിടുകയാണെന്നും കുറിപ്പിലുണ്ട്.’എന്റെ ചെയർമാനോട് സംസാരിക്കാൻ എനിക്ക് ധൈര്യമില്ല. എനിക്ക് പേടിയാണ്. തൊഴിലിടത്തിലെ മാനസികപീഡനമാണിത്. അത് എന്റെ ജീവനും ആരോഗ്യത്തിനും ഭീഷണിയാണ്. നിങ്ങളുടെ കരുണയ്ക്കായി ഞാൻ യാചിക്കുന്നു.
എന്റെ വിഷമം മനസിലാക്കി ഇതിൽനിന്ന് രക്ഷപ്പെടാൻ എനിക്കു കുറച്ചുസമയം തരൂ’, എന്നാണ് ‘സർ’ എന്ന് അഭിസംബോധന ചെയ്ത് ആരംഭിക്കുന്ന കത്തിലുള്ളത്. കാൻസർ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തിൽ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു. കയർ ബോർഡ് ഓഫീസ് ചെയർമാൻ, സെക്രട്ടറി, അഡ്മിനിസ്ട്രേറ്റീവ് ഹെഡ് എന്നിവർക്കെതിരെയായിരുന്നു ആരോപണം.