യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവം സര്‍ക്കാര്‍ ഗൗരവമായി കണ്ട് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പെണ്‍കുട്ടികള്‍ കരുത്തുള്ളവരായി മാറണമെന്നും സ്ത്രീധനം കിട്ടി മാത്രമേ കല്യാണം കഴിക്കൂ എന്ന് പറഞ്ഞാല്‍ അവരോട് ‘താന്‍ പോടോ’ എന്ന് പറയാന്‍ കരുത്തുള്ളരായി മാറണം സ്ത്രീകള്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീധനം വാങ്ങാന്‍ പാടില്ലെന്നത് ഒരു പൊതു ബോധമായി മാറണം. അതിന് സമൂഹത്തിന്റെ പിന്തുണ ആ തരത്തിലേക്ക് എത്തിക്കണം. പെണ്‍കുട്ടിക്ക് അതിനനുസരിച്ചുള്ള പിന്തുണ രക്ഷിതാക്കള്‍ കൊടുക്കണം. സ്ത്രീധനം ചോദിക്കാന്‍ പാടില്ലെന്ന ബോധം മറ്റേയാള്‍ക്ക് ഉണ്ടാവാന്‍ പൊതു സമൂഹം ഇടപെടണം. ഈ കുടുംബത്തെയും അത്തരത്തില്‍ ഒന്നും ചോദിക്കാന്‍ പാടില്ലെന്ന തോന്നലിലേക്ക് എത്തിക്കാന്‍ കഴിയണം. സമൂഹത്തില്‍ ആകെ മാറ്റം ഇക്കാര്യത്തില്‍ ആവശ്യമാണ്. അതിന്റെ കൂടെ നിയമപരമായ ശക്തമായ നടപടികളും സ്വീകരിച്ച് പോരാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഇത് ഗൗരവമായിട്ട് കാണേണ്ട ഒന്നാണ്. രണ്ട് പേരും ഡോക്ടര്‍മാരാണ്. നല്ല രീതിയില്‍ ജീവിച്ച് പോകേണ്ടവരാണ്. അവര്‍ക്ക് എന്തിനാണ് പിന്നെയും പണം എന്ന് മനസിലാവുന്നില്ല. ഇത് ഗൗരവമായി തന്നെ സമൂഹം ഇതിനെ കാണേണ്ടതാണ്. സര്‍ക്കാര്‍ ഗൗരവമായി തന്നെ കണ്ട് ഇതില്‍ നടപടി എടുക്കും. നമ്മുടെ സമൂഹത്തിന്റെ പൊതുവായ ശാക്തീകരണം എന്ന് പറയുമ്പോള്‍ പെണ്‍കുട്ടികളും യുവതികളും ഒക്കെ നല്ല രീതിയില്‍ ഇതിന്റെ ഭാഗമായി കരുത്തുള്ളവരായി മാറല്‍ ആവശ്യമാണ്. സ്ത്രീധനം തന്നാലേ കല്യാണം കഴിക്കൂ എന്ന് പറയുന്നുണ്ടെങ്കില്‍ താന്‍ പോടോ എന്ന് പറയാനുള്ള കരുത്തിലേക്ക് കുട്ടികള്‍ മാറേണ്ടി വരും. അത് നമ്മുടെ പൊതു ബോധമായി മാറണം. സമൂഹത്തിന്റെ പിന്തുണ ആ തരത്തിലേക്ക് എത്തിക്കണം. പെണ്‍കുട്ടിക്ക് അതിനനുസരിച്ചുള്ള പിന്തുണ രക്ഷിതാക്കള്‍ കൊടുക്കണം. സ്ത്രീധനം ചോദിക്കാന്‍ പാടില്ലെന്ന ബോധം മറ്റേയാള്‍ക്ക് ഉണ്ടാവാന്‍ പൊതു സമൂഹം ഇടപെടണം. ഈ കുടുംബത്തെയും അത്തരത്തില്‍ ഒന്നും ചോദിക്കാന്‍ പാടില്ലെന്ന തോന്നലിലേക്ക് എത്തിക്കാന്‍ കഴിയണം. സമൂഹത്തില്‍ ആകെ മാറ്റം ഇക്കാര്യത്തില്‍ ആവശ്യമാണ്. അതിന്റെ കൂടെ നിയമപരമായ ശക്തമായ നടപടികളും സ്വീകരിച്ച് പോരാന്‍ കഴിയണം,’ മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഡോ. ഷഹനയുമായി റുവൈസിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. ഇരുവരും അടുപ്പത്തിലുമായിരുന്നെന്നതിന്റെ സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിവാഹത്തിന് ഭീമമായ സ്ത്രീധനമാണ് റുവൈസിന്റെ വീട്ടുകാര്‍ ചോദിച്ചതെന്ന് ഷഹനയുടെ കുടുംബം ആരോപിക്കുന്നു. ഇത്രയും സ്ത്രീധന തുക നല്കാന് സാധിക്കാതായതോടെ റുവൈസ് വിവാഹത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് ഷഹന മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നുവെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും കുടുംബം പറഞ്ഞിരുന്നു.
150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബിഎംഡബ്ല്യു കാറുമാണ് റുവൈസിന്റെ കുടുംബം സ്ത്രീധനമായി ചോദിച്ചത്. ഷഹനയുടെ ആത്മഹത്യ കുറിപ്പിലും സ്ത്രീധനവുമായി ബന്ധപ്പെട്ട സൂചനകളുണ്ട്.