ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെതിരായ ജാതി വിവേചനത്തില്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നമ്മുടെ സമൂഹത്തില്‍ ആരും പ്രതീക്ഷിക്കാത്ത കാര്യമാണ് നടന്നതെന്നും മന്ത്രിയുമായി ചര്‍ച്ച ചെയ്ത് വിഷയത്തില്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രി രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. മന്ത്രിയുമായി നേരിട്ട് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ പറഞ്ഞതില്‍നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്.
നമ്മുടെ സമൂഹത്തില്‍ നടക്കുമെന്ന് ആരും പ്രതീക്ഷിക്കാത്ത കാര്യമാണ് സംഭവിച്ചിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കൂടി അഭിപ്രായമറിഞ്ഞ ശേഷം എന്ത് നടപടി സ്വീകരിക്കണോ അതിനനുസരിച്ച് യുക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കേരളത്തില്‍ നിപയെ നേരിടാന്‍ കേരളം എല്ലാ തരത്തിലും സജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിപ പ്രധാന പ്രശ്നമാണ്. വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ല. വ്യാപനം ഇല്ലാത്തത് ആശ്വാസകരമാണെന്നും എന്നാല്‍ രണ്ടാം തരംഗം ഉണ്ടാവില്ലെന്ന് പൂര്‍ണമായി പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.