തിരുവനന്തപുരം: ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ – ചൂരൽമല പ്രദേശങ്ങളിലെ ജനങ്ങളുടെ പുനരധിവാസത്തിനായുള്ള ടൌണ്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.
അങ്കണവാടി, സ്കൂൾ, ആശുപത്രി, മാർക്കറ്റ്, പാർക്കിംഗ്, കളിസ്ഥലം തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും ടൗൺഷിപ്പിൽ ഉണ്ടാകും. എൽസ്റ്റോൺ എസ്റ്റേറ്റിൽ 58.5, ഹെക്ടറും നെടുമ്പാലയിൽ 48.96 ഹെക്ടറും ഭൂമി ഏറ്റെടുത്താവും രണ്ട് ടൌണ്‍ഷിപ്പുകൾ നിർമ്മിക്കുക. ഒരു ആസൂത്രിത നഗരജീവിതം തന്നെ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാവും പുതിയ ടൌണ്‍ഷിപ്പ് നിലവിൽ വരിക.
കൽപ്പറ്റയിലെ എസ്റ്റേറ്റിൽ അഞ്ച് സെന്റിലായിരിക്കും വീട് നിർമാണം. റോഡ്- അടിസ്ഥാന സൗകര്യങ്ങളെല്ലാം നടപ്പാക്കും. നെടുമ്പാലയിലെ ടൗൺഷിപ്പിൽ 10 സെന്റിലെ വീടുകളായിരിക്കുമെന്നും ഭാവിയിൽ മുകളിൽ നില കെട്ടാവുന്ന വിധത്തിലുള്ള വീടുകളാവുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. എത്രയും പെട്ടെന്ന് പദ്ധതി പൂർത്തിയാക്കാനാണ് ശ്രമമെന്നും നിർമ്മാണ പ്രക്രിയകളുമായി ബന്ധപ്പെട്ട തീയതി അടുത്ത ആഴ്ചയിൽ തന്നെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരിതബാധിതർക്ക് വീടുകൾ നിർമ്മിച്ചു നൽകാം എന്നറിയിച്ചവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. 50 വീടുകളിൽ കൂടുതൽ നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്തവരെയാണ് മുഖ്യമന്ത്രി ആദ്യഘട്ടത്തിൽ നേരിൽ കണ്ടത്. കർണാടക സർക്കാരിൻറെയും രാഹുൽ ഗാന്ധിയുടേയും പ്രതിനിധികളുമായും മുസ്ലീം ലീഗ്, ഡിവൈഎഫ്ഐ സംഘടനാ പ്രതിനിധികളുമായും മുഖ്യമന്ത്രി ചർച്ച നടത്തി. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും ചർച്ചകളിൽ ഭാഗമായി.
ജനുവരി 25 ന് അകം ഗുണഭോക്താക്കളുടെ ലിസ്റ്റ് ഇറക്കും. കിഫ്ബിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കി. നിർമ്മാണ ഏജൻസി കിഫ്കോൺ ആണ്. നിർമ്മാണ കരാർ നാമനിർദ്ദേശം ഊരാളുങ്കലിന് നൽകും. മേൽനോട്ടത്തിന് മൂന്ന് സമിതിയെ രൂപീകരിക്കും. മുഖ്യമന്ത്രി അധ്യക്ഷനായ സമിതി, നിർമ്മാണ മേൽനോട്ടത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷതയിലുള്ള സമിതി, കളക്ടറുടെ നേതൃത്വത്തിൽ ഇംപ്ലിമെന്റേഷൻ കമ്മിറ്റി എന്നിവയാണവ. പദ്ധതിക്കായി പ്രത്യേക ബാങ്ക് അകൗണ്ട് തുടങ്ങും. 38 സ്പോൺസർമാർ യോഗത്തിൽ പങ്കെടുത്തു. വെബ് പോർട്ടൽ നിലവിൽ വരും. പുനരധിവാസത്തിന് സ്പെഷൽ ഓഫീസറെ നിയമിക്കും. കൂടുതൽ സ്ഥലം കണ്ടെത്തുന്ന മുറയ്ക്ക് കൂടുതൽ വീടുകൾ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.