കവരത്തി: മദ്യ നിരോധനം നിലവിലുള്ള ലക്ഷദ്വീപിൽ മദ്യവിൽപനയ്ക്ക് വഴിയൊരുക്കുന്ന എക്സൈസ് റഗുലേഷൻ കരടുബില്ലിനെ ചൊല്ലി സംവിധായിക ഐഷ സുൽത്താനയും ബിജെപി നേതാവ് സന്ദീപ് വാര്യരും തമ്മിൽ ഫേസ്ബുക്കിൽ വാദപ്രതിവാദം. ഗുജറാത്തിൽ നിരോധിക്കപ്പെട്ട മദ്യവിൽപന ലക്ഷദ്വീപിൽ നടപ്പാക്കാൻ ശ്രമിക്കുന്നതിൻ്റെ കാരണമെന്താണെന്നും മദ്യലഭ്യത ഉറപ്പാക്കാൻ ശ്രമിക്കുന്ന ലക്ഷദ്വീപ് ഭരണകൂടവും കേന്ദ്രസർക്കാരും ആദ്യം കുടിവെള്ളമടക്കമുള്ല അടിസ്ഥാന സൌകര്യങ്ങളാണ് ദ്വീപ് ജനതയ്ക്ക് ലഭ്യമാക്കേണ്ടതെന്നും ഐഷ സുൽത്താന ചൂണ്ടിക്കാട്ടി.
ഈ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായതിന് പിന്നാലെ ഐഷ സുൽത്താനയ്ക്ക് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്ത് എത്തി. ഗുജറാത്തിൽ മദ്യവിൽപന നിരോധിക്കപ്പെട്ടതിന് കാരണം അത് മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമായതിനാലാണെന്നും അനന്തമായ ടൂറിസം സാധ്യതകളുള്ള ലക്ഷദ്വീപിനെ പിന്നോട്ട് വലിക്കാനേ മദ്യനിരോധനം ഉപകരിക്കൂവെന്നും സന്ദീപ് വാര്യർ പറഞ്ഞു. മത നിയമമൊന്നും ലക്ഷദ്വീപിൽ നടപ്പിലാക്കാൻ കഴിയില്ല . റിസോർട്ടുകളിലും ഹോട്ടലുകളിലും വിനോദസഞ്ചാരികൾക്ക് മദ്യം ലഭ്യമാക്കിയാൽ എന്താണ് കുഴപ്പമെന്നും സന്ദീപ് ചോദിക്കുന്നു.
ഐഷ സുൽത്താനയുടെ ഫേസ്ബുക്ക് പോസ്റ്റ്
ലക്ഷദ്വീപിൽ മദ്യം ലഭ്യമാക്കണോ? എന്നതിനെ പറ്റി ജനങ്ങളോട് അഭിപ്രായം തേടിയിരിക്കയാണ് സർക്കാർ:☺️
ലക്ഷദ്വീപിലേക്ക് മദ്യം “ആവശ്യമില്ല” എന്ന് തന്നെയാണ് ജനങളുടെ അഭിപ്രായം, മദ്യം പൂർണ്ണ നിരോധനമുള്ള സ്ഥലമാണ് “ഗുജറാത്ത്” അല്ലെ അതേ പോലെ മദ്യം പൂർണ്ണ നിരോധനമുള്ള മറ്റൊരു സ്ഥലമാണ് “ലക്ഷദ്വീപ്”
ഗുജറാത്തിൽ നടപ്പാക്കാതിരിക്കുന്ന മദ്യവില്പന ലക്ഷദ്വീപിൽ നടപ്പാക്കാൻ ശ്രമിക്കുന്നതിന്റെ കാരണം എന്താണ്? ഇതാണോ ലക്ഷദ്വീപിന്റെ വികസനം? ലക്ഷദ്വീപിലെ ജനങ്ങൾക്ക് ആവശ്യം മദ്യമല്ല, പകരം കുടിവെള്ളമാണ്… നാട്ടുകാർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളാണ്, ജനങ്ങളുടെ ചികിത്സയിക്ക് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളോടു കൂടിയ മെഡിക്കൽ കോളേജാണ്, ഡോക്ടർമ്മാരെയാണ്, മരുന്നുകളാണ്, വിദ്യാർത്ഥികൾക്ക് കോളേജും സ്കൂളുകളിലേക്ക് ടീച്ചർമ്മാരെയുമാണ്, മഴ പെയ്താൽ നാട് ഇരുട്ടിലാവാതിരിക്കാനുള്ള കറണ്ടുകളാണ്, മത്സ്യ ബന്ധന തൊഴിലാളിമാർക്കുള്ള പെട്രോളും മണ്ണണ്ണയും ഐസ് പ്ലാണ്ടുകളുമാണ്, ജനങ്ങൾക്ക് യാത്ര സൗകര്യം കൂട്ടികൊണ്ടുള്ള കപ്പലുകളാണ്, ഇന്നോടികൊണ്ടിരിക്കുന്ന കപ്പലുകൾക്ക് എഞ്ചിൻ ഓഫ് ചെയ്യാനുള്ള സമയം പോലും കിട്ടാത്ത അവസ്ഥയാണ്, ഇക്കണക്കിന് പോയാൽ 20 വർഷം ഓടേണ്ട കപ്പൽ 10 വർഷമാകുമ്പോഴേക്കും കേടാകും, ഒന്നിനും കൊള്ളാത്ത അവസ്ഥയാവും അല്ലെ?
കൊണ്ട് വരേണ്ടതും മാറ്റം വരുത്തേണ്ടതും ഇതിലൊക്കെയാണ്…
ഇതൊക്കെയാണ് ഞങ്ങൾ ജനങ്ങളുടെ ആവശ്യം…
ഇതിൽ ഏതെങ്കിലും ഒരെണ്ണമെങ്കിലും നടപ്പാക്കി തരാമോ?
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
ഗുജറാത്തിൽ മദ്യവിൽപ്പന നിരോധിക്കപ്പെട്ടതിന് മതമല്ല കാരണം ഐഷേ , അത് ഗാന്ധിജിയുടെ ജന്മനാട് ആയതുകൊണ്ടുള്ള ആദരവിനാലാണ് . ലക്ഷദ്വീപ് അനന്തമായ ടൂറിസം സാധ്യതയുള്ള ഇന്ത്യയുടെ ഭാഗമായ ഒരു സ്ഥലമാണ് . അവിടെ മദ്യനിരോധനമുള്ളതിന് ഒരു ന്യായീകരണവുമില്ല . മത നിയമമൊന്നും അവിടെ നടപ്പിലാക്കാൻ കഴിയില്ല . റിസോർട്ടുകളിലും ഹോട്ടലുകളിലും വിനോദസഞ്ചാരികൾക്ക് മദ്യം ലഭ്യമാക്കിയാൽ എന്താണ് കുഴപ്പം ?
