അമേരിക്കയിലെ ന്യൂയോർക്കിൽ നടന്ന മിസ് ശ്രീലങ്ക മത്സരത്തിന് ശേഷം വേദിക്ക് പുറത്ത് സംഘർഷമുണ്ടായി. മത്സരത്തിന് ശേഷം വേദിയുടെ പുറത്ത് നടത്തിയ പാർട്ടിയിലാണ് ഒരു കൂട്ടം ആളുകൾ തമ്മിൽ സംഘർഷമുണ്ടാക്കിയത്. അതേസമയം ശ്രീലങ്കൻ കുടിയേറ്റക്കാർ കൂടുതലുള്ള പ്രദേശമായതിനാലാണ് സൗത്ത് ബീച്ചിലെ വാണ്ടർബിൽറ്റിൽ വച്ച് സൗന്ദര്യ മത്സരം നടത്തിയത്. നിലവിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുക എന്ന ഉദ്ദേശമാണ് പ്രവാസി ശ്രീലങ്കക്കാർ നടത്തിയ മത്സരത്തിന്റെ ലക്ഷ്യം.
സംഘർഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ സംഭവം ചർച്ചയായിരിക്കുകയാണ്. നിരവധി ശ്രീലങ്കക്കാർ വൈകാരികമായ പ്രതികരണങ്ങളുമായി രംഗത്തെത്തി പുരുഷന്മാരും സ്ത്രീകളുമടക്കം നിരവധിപേരാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്. എന്നാൽ സംഘർഷത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല.
സംഘർഷം നടക്കുമ്പോൾ 14 മത്സരാർഥികളും കെട്ടിടത്തിനകത്തായിരുന്നു. സംഘർഷത്തിൽ അവർ പങ്കെടുത്തിട്ടില്ലെന്ന് മത്സരത്തിന്റെ സംഘാടകരിൽ ഒരാളായ സുജനി ഫെർണാഡോ വ്യക്തമാക്കി. എന്നാൽ ശ്രീലങ്കൻ മത്സരങ്ങളിൽ ഇതിന് മുൻപും ഇത്തരം സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. 2021 ൽ നടന്ന മിസിസ് ശ്രീലങ്ക മത്സരത്തിലെ വിജയിയുടെ കിരീടം എതിർ മത്സരാർഥി തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു. ഈ മുൻ സംഭവവും നിലവിലെ വീഡിയോയ്ക്ക് താഴെ നിരവധി പേർ ചൂണ്ടിക്കാട്ടുന്നുണ്ട്.