കൊച്ചി: ചോറ്റാനിക്കരയിൽ മുൻ ആൺ സുഹൃത്തിന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന 19കാരി മരിച്ചു.6 ദിവസമായി കടവന്ത്ര മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു പെൺകുട്ടി ജീവൻ നിലനിർത്തിയിരുന്നത്.പോക്സോ അതിജീവിതയെ പ്രതി അനൂപ് ക്രൂരമായി മർദ്ദിച്ചിരുന്നു. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമായിരുന്നു പ്രതി പൊലീസിന് നൽകിയ മൊഴി. പെൺകുട്ടി കഴുത്തിൽ കുരുക്കിട്ടപ്പോൾ “പോയി ചത്തോ” എന്നും അനൂപ് ആക്രോശിച്ചു.
തന്റെ സുഹൃത്തായിരുന്ന പെൺകുട്ടി മറ്റ് സുഹൃത്തുക്കളോട് ഫോണിൽ സംസാരിക്കുന്നത് പോലും അനൂപിന് ഇഷ്ടമല്ലായിരുന്നു. ശനിയാഴ്ച രാത്രി പെൺകുട്ടിയെ ഫോണിൽ വിളിച്ചു കിട്ടാതായതോടെയാണ് അനൂപ് പാതിരാത്രി പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. പെൺകുട്ടി വാതിൽ തുറന്ന ഉടൻ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് മർദ്ദിച്ചു. മുഖത്തടിച്ചു.
പിടിച്ചു തള്ളി തെറിച്ചു വീണ പെൺകുട്ടിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. വിസമ്മതിച്ചതോടെ വീണ്ടും അടിച്ചു, കൈയിൽ കിട്ടിയ ചുറ്റികകൊണ്ട് വീശിയെന്നും അനൂപ് പൊലീസിന് മൊഴി നൽകി.