ദുബായ്: അതിവേഗം വളരുന്ന ദുബായ് ഓട്ടോമൊബൈൽ രംഗത്തേക്ക് ഒരു ചൈനീസ് ഓട്ടോഭീമൻ കൂടിയെത്തുന്നു. ചൈനയുടെ സൗഈസ്റ്റ് മോട്ടോർ കമ്പനിയാണ് എലൈറ്റ് ഗ്രൂപ്പ് ഹോൾഡിംഗുമായി സഹകരിച്ച് യുഎഇയിൽ പ്രവർത്തനം തുടങ്ങുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ICE, PHEV, BEV ഓപ്ഷനുകൾ ഉൾപ്പെടെ 13 അത്യാധുനിക മോഡൽ വണ്ടികൾ യുഎഇയിൽ അവതരിപ്പിക്കാനാണ് സൗഈസ്റ്റ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതിൽ എസ്.യു.വികളുടേയും സെഡാനുകളുടേയും വൈവിധ്യമാർന്ന മോഡലുകളും ഉൾപ്പെടുന്നു.
സ്റ്റൈലിഷ് ഡിസൈൻ, ലേറ്റസ്റ്റ് ടെക്നോളജി ഫീച്ചറുകൾ, സുഖപ്രദമായ ഡ്രൈവിംഗ് എന്നിവയാണ് സൗഈറ്റ് മോട്ടോർ കാറുകളുടെ പ്രത്യേകതയെന്നും ഈസ് യുവർ ലൈവ് എന്ന ടാഗ്ലൈനോടെ കമ്പനി അവതരിപ്പിക്കുന്ന കാറുകൾക്ക് യുഎഇയിൽ മികച്ച സാധ്യതയാണുള്ളതെന്നും എലൈറ്റ് ഗ്രൂപ്പ് ഹോൾഡിംഗ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പ്രീമിയം മൊബിലിറ്റി വണ്ടികളുടെ ഒരു പുതിയ നിര തന്നെ കമ്പനി യുഎഇയിൽ അവതരിപ്പിക്കും. കരുത്തും ഇന്ധനക്ഷമതയും ഒത്തുചേർന്ന ഈ വാഹനങ്ങളുടെ ഇൻ്റലിജൻ്റ് ഷാസിയും അത്യാധുനികവും പ്രീമിയവുമായ ഇൻ്റീരിയർ കോക്ക്പിറ്റും എടുത്തു പറയേണ്ട സവിശേഷതകളാണ്. ലോകോത്തര നിലവാരത്തിലുള്ള റിസർച്ച് ആൻഡ് ഡെവല്പെമെന്റ് ടീമിൻ്റേയും വിതരണ ശൃംഖലയുടേയും പിൻബലവും സൗഈസ്റ്റ് മോട്ടോറിനുണ്ട്.
“സൗഈസ്റ്റ് മോട്ടോറുമായുള്ള ഈ പങ്കാളിത്തം ഞങ്ങളുടെ കസ്റ്റമേഴ്സിൻ്റെ താത്പര്യത്തിന് അനുസരിച്ച പുതിയ വാഹനങ്ങൾ അവതരിപ്പിക്കാൻ ഞങ്ങൾക്ക് സഹായമാകും. ഓട്ടോമൊബൈൽ രംഗത്തെ പുതിയ മാറ്റങ്ങൾക്ക് അനുസരിച്ച് ആഗോള ഓട്ടോമൊബൈൽ ബ്രാൻഡുകളുമായി സഹകരിക്കാനും അവയെ യുഎഇ വിപണിയിലേക്ക് എത്തിക്കാനും സാധിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് – എലൈറ്റ് ഗ്രൂപ്പ് ഹോൾഡിംഗ് പങ്കാളിയായ ടാമർ അബു ഖലഫ് പറഞ്ഞു.
അതിവേഗം വളരുന്ന യുഎഇ ഓട്ടോമൊബൈൽ വിപണിയിലേക്ക് എലൈറ്റ് ഗ്രൂപ്പ് ഹോൾഡിംഗുമായി സഹകരിച്ച് പ്രവേശിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സൗഈസ്റ്റ് മോട്ടോർ വൈസ് പ്രസിഡൻ്റ് കെ ചുവണ്ടെങ് പറഞ്ഞു. എലൈറ്റ് ഗ്രൂപ്പുമായുള്ള ഈ സംരംഭം ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. അത്യാധുനിക ഓട്ടോമോട്ടീവ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഞങ്ങളുടെ കാറുകൾ യുഎഇയിലെ ഉപഭോക്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ട് ചുവണ്ടെങ് കൂട്ടിച്ചേർത്തു.