ഖത്തറിന്റെ മണ്ണ് ലോകകപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. അതിനിടെ ചൈനയുടെ വിലപിടിപ്പുള്ള സമ്മാനം കൂടി എത്തുമ്പോൾ ലോകകപ്പിന് ആവേശം കൂടും. രണ്ട് ഭീമൻ പാണ്ടകളെയാണ് ചൈന ഖത്തർ ലോകകപ്പിന് സമ്മാനമായി നൽകുന്നത്. 140 കോടി വിലവരുന്ന ചൈനീസ് ജനതയുടെ സമ്മാനമാണിതെന്ന് ഖത്തറിലെ ചൈനീസ് സ്ഥാനപതി സൊയു ജിയാൻ പറഞ്ഞു. സുഹൈൽ, തുറായ എന്നിങ്ങനെയാണ് ഖത്തർ പാണ്ടകൾക്ക് നൽകിയ പേര്.
ചൈന 73ാമത് സ്ഥാപക ദിനം ആചരിക്കുന്ന വേളയിലായിരുന്നു അംബാസിഡറുടെ പ്രഖ്യാപനം. ചൈനയും ഖത്തറും തമ്മിലുള്ള സൗഹൃദത്തിന്റെ പുതിയ പ്രതീകമായിരിക്കും പാണ്ടകൾ എന്ന് സൊയു ജിയാൻ വ്യക്തമാക്കി. അൽഖോർ പാർക്കിൽ പാണ്ട പാർക്ക് എന്ന പേരിൽ ഇരു പാണ്ടകൾക്കും പാർപ്പിടം ഒരുക്കിയിട്ടുണ്ട്. അതേസമയം പാണ്ടകൾക്കാവശ്യമായ പരിസ്ഥിതിയും താപനില തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. മധ്യ പൂർവ്വ ദേശത്തും അറബ് ലോകത്തും ഇതാദ്യമായാണ് പാണ്ടകൾക്കുവേണ്ടി പാർപ്പിടം ഒരിക്കുന്നത്.