തിരുവനന്തപുരം: ഫെബ്രുവരിയിലെ ആദ്യത്തെ 21 ദിവസങ്ങൾ പിന്നിടുമ്പോൾ രേഖപ്പെടുത്തിയ ശരാശരി താപനില 34.8 ഡിഗ്രീ സെൽഷ്യസ്. ഈ നില തുടരാനോ താപനില കൂടാനോ ആണ് സാധ്യത എന്നതിനാൽ 25 വർഷത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ ഫെബ്രുവരിയായി ഈ മാസം മാറാനാണ് സാധ്യത.
2016( 34.6), 2020( 34. 5) എന്നീ വർഷങ്ങളിലാണ് ഇതിനു മുൻപ് ഇത്രയും ഉയർന്ന ചൂട് ഉണ്ടായത്. എന്നാൽ ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് 2010ലാണ്. അന്ന് 39.2 °c പുനലൂരിൽ അനുഭവപ്പെട്ടു. 2016 ൽ കണ്ണൂർ നഗരത്തിൽ 38.8°c രേഖപെടുത്തിയപ്പോൾ 2024 തൊട്ട് പിറകിൽ കണ്ണൂർ എയർപോർട്ട് 38.5°c താപനില രേഖപ്പെടുത്തിയത്.
ഫെബ്രുവരി 1 മുതൽ 21 വരെയുള്ള കാലയളവിൽ രേഖപെടുത്തിയ കഴിഞ്ഞ 25 വർഷത്തെ ഉയർന്ന താപനില കണക്ക് പരിശോധിച്ചാൽ ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് 2010 ൽ. ( കണ്ണൂർ എയർപോർട്ടിൽ മുൻ വർഷങ്ങളിലെ ഡാറ്റ ലഭ്യമല്ല. എയർപോർട്ട് ഡാറ്റാ ഒഴിവാക്കിയാൽ ഈ വർഷം ഫെബ്രുവരിയിൽ ഉയർന്ന ചൂട് രേഖപെടുത്തിയത് പുനലൂരിൽ ആണ്. 37.8°c )
അതേസമയം വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കൂടുതൽ ജില്ലകളിൽ കൊടും ചൂട് അനുഭവപ്പെടാനാണ് സാധ്യത. ഇന്നും നാളെയും എട്ടു ജില്ലകളിൽ ഉയർന്ന താപനിലയ്ക്കുള്ള സാധ്യത മുൻനിർത്തി കാലാവസ്ഥാ നിരീക്ഷകേന്ദ്രം യെല്ലോ അലർട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്കാണ് പുതിയ ഉയർന്ന താപനില മുന്നറിയിപ്പ് പുറത്തിറക്കിയത്. ഇന്നും നാളെയും കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ്വരെയും (സാധാരണയെക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് കൂടുതൽ) താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.