ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ടിൽ വിശദമായ സുരക്ഷാപരിശോധന നടക്കും. മുല്ലപ്പെരിയാർ അണക്കെട്ട് മേൽനോട്ട സമിതിയുടെ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനം എടുത്തു. ഏറക്കൊലമായി മുല്ലപ്പെരിയാറിൽ സുരക്ഷാപരിശോധന നടത്തുവാൻ കേരളം കേന്ദ്ര ജലകമ്മീഷനിൽ ആവശ്യപ്പെട്ട് വരികയായിരുന്നു.
മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ പതിനെട്ടാമത് യോഗമാണ് തിങ്കളാഴ്ച ദില്ലിയിലെ കേന്ദ്ര ജലകമ്മീഷൻ ആസ്ഥാനത്ത് രാകേഷ് കശ്യപിൻ്റെ അധ്യക്ഷതയിൽ ചേർന്നത്. 2021-ലെ ഡാം സുരക്ഷാ നിയമ പ്രകാരം സുരക്ഷാപരിശോധന 2026-ൽ നടത്തിയാൽ മതിയെന്നായിരുന്നു തമിഴ്നാടിൻ്റെ വാദം. എന്നാൽ ജലകമ്മീഷൻ ഈ ആവശ്യം തള്ളി.
സുപ്രീംകോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റി 2011-ലാണ് ഇതിനു മുൻപാണ് മുല്ലപ്പെരിയാറിൽ വിശദപരിശോധന നടത്തിയത്. സ്വതന്ത്ര വിദഗ്ധൻമാർ ഉൾപ്പെടുന്ന സമിതിയാണ് അന്ന് കേരളത്തിൻ്റെ കൂടി ആവശ്യം പരിഗണിച്ച് അണക്കെട്ടിൻ്റെ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയസുരക്ഷ, ഓപ്പറേഷണൽ സുരക്ഷ എന്നിവ കൂടി അന്ന് സമിതി പരിശോധിച്ചിരുന്നു.