ന്യൂഡൽഹി: ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ കേരളസർക്കാരിന് ഇരട്ടത്താപ്പാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ബിബിസിക്ക് വേണ്ടി വാദിക്കുന്ന സർക്കാർ കേരളത്തിലെ മാധ്യമപ്രവർത്തകരോട് കാണിക്കുന്നതെന്താണ് . സർക്കാരിന്റെ അഴിമതികൾ പുറത്ത് കൊണ്ട് വരുന്നതിന്റെ പേരിൽ മാധ്യമപ്രവർത്തകരെയും മാധ്യമസ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തുകയാണ്.
ദേശീയ തലത്തിൽ ബിബിസി ഡോക്യമെന്ററി നിരോധിച്ചപ്പോൾ അതിനെതിരെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമുയർത്തിയവരാണ് സ്വന്തം സംസ്ഥാനത്തെ മാധ്യമങ്ങളെ നിശബ്ദരാക്കാൻ നോക്കുന്നത്. കേരളത്തിലെ പിണറായി വിജയൻ സർക്കാർ ചെയ്യുന്ന പ്രവർത്തികൾ രാജ്യത്തെ ജനങ്ങൾ കാണണം. റോഡ് ക്യാമറകൾ വാങ്ങിയതിലുൾപ്പെടെ അഴിമതിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസും സ്റ്റാഫുമെല്ലാം ആരോപണവിധേയരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ടെലിവിഷൻ ചാനലുകൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ കേസെടുക്കുന്നത് ഇത്തരം വാർത്തകൾ പുറത്ത് കൊണ്ട് വന്നതിന്റെ പേരിലാണ്. ഒരു വനിതാ മാധ്യമപ്രവർത്തകയും അക്കൂട്ടത്തിലുണ്ട്. ഒരു യൂട്യൂബ് ചാനലിലും ജീവനക്കാരുടെ വീട്ടിലും റെയ്ഡ് നടത്തുന്നത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.