മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടന് രണ്‍ബീര്‍ കപൂറിനും കുടുംബത്തിനുമെതിരെ പരാതി. നടനും കുടുംബവും ക്രിസ്തുമസ് ആഘോഷിക്കുന്നതിനിടെ പകര്‍ത്തിയ വീഡിയോ ആണ് പരാതിക്ക് ആധാരമായത്.
ക്രിസ്തുമസ് ആഘോഷത്തിനിടെ കേക്കില്‍ മദ്യം ഒഴിച്ച് തീകത്തിക്കുന്നതിനിടെ രണ്‍ബീര്‍ ജയ് മാതാ ദി എന്ന് പറഞ്ഞത് മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. അജയ് തിവാരി, എന്നയാളാണ് ആശിഷ് റായ്, പങ്കജ് മിശ്ര എന്നീ അഭിഭാഷകര്‍ മുഖേന ഘട് കോപ്പര്‍ പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ച പരാതി നല്‍കിയത്.
ഹിന്ദുമതം പരമ്പരാഗതമായി അഗ്നി ദേവനെ ആരാധിക്കുന്നവരാണെന്നും എന്നാല്‍ രണ്‍ബീര്‍ കപൂര്‍ മറ്റൊരു മതത്തിന്റെ ആഘോഷത്തിനിടെ ബോധപൂര്‍വ്വം ലഹരി പദാര്‍ത്ഥം ഉപയോഗിക്കുകയും ജയ് മാതാ ദി എന്ന് വിളിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.
രണ്‍ബീര്‍ കപൂര്‍, നടിയും അദ്ദേഹത്തിന്റെ ഭാര്യയുമായ ആലിയ ഭട്ട്, നടന് കുനാല്‍ കപൂര്‍ എന്നിവരെ വീഡിയോയില്‍ കാണാം. കുനാല്‍ കപൂറാണ് കേക്കില്‍ മദ്യം ഒഴിക്കുന്നത്. ശേഷം രണ്‍ബീര്‍ കപൂര്‍ ലൈറ്റര്‍ ഉപയോഗിച്ച് കേക്കിന് മുകളില്‍ കത്തിക്കുകയും ‘ജയ് മാതാദി’ എന്ന് പറയുകയും ചെയ്യുന്നു. ഇത് കേട്ട് എല്ലാവരും വീഡിയോയില്‍ ചിരിക്കുന്നതും കാണാം.