തട്ടിമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികള്‍ ആണെന്ന സ്ത്രീവിരുദ്ധ പരമര്‍ശത്തില്‍ സമസ്ത ജോയിന്റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിനെതിരെ കേസെടുത്തു. ‘നിസ’ അധ്യക്ഷയും സാമൂഹിക പ്രവര്‍ത്തകയുമായ വി.പി സുഹറ നല്കിയ പരാതിയിലാണ് ഉമര്‍ ഫൈസിക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരിക്കുന്നത്.കോഴിക്കോട് നടക്കാവ് പൊലീസാണ് ഉമര്‍ ഫൈസിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മതസ്പര്‍ധ ഉണ്ടാക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഉമര്‍ ഫൈസിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐ.പി.സി 295എ, 298 പ്രകാരമാണ് കേസെടുത്തത്. ഒരു സ്വകാര്യ ചാനലിലെ ചര്‍ച്ചയിലാണ് തട്ടമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികളാണെന്ന തരത്തില്‍ ഉമര്‍ ഫൈസി മുക്കം പരാമര്‍ശം നടത്തിയത്. പിന്നാലെ പരാമര്‍ശം വിവാദമാവുകയും ചെയ്തു. ഇതിനെതിരെയാണ് വിപി സുഹറ സുഹറ പൊലീസില്‍ പരാതി നല്‍കിയത്. ഉമര്‍ ഫൈസിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ രാജ് പാല് മീണയ്ക്കാണ് ആദ്യം പരാതി നല്‍കിയത്. ഇസ്ലാമിനെയും മുസ്ലീം വിശ്വാസികളെയും മുസ്ലീം സ്ത്രീകളെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമാണ് ഉമര്‍ ഫൈസി നടത്തിയതെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ നല്കിയ പരാതിയിലാണ് ഇപ്പോള്‍ നടപടിയുണ്ടാകുന്നത്. പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. കുടുംബശ്രീയുടെ ‘തിരികെ സ്കൂളിലേക്ക്’ പരിപാടിയില്‍ അതിഥിയായി പങ്കെടുത്ത സുഹറ തട്ടമൂരി പ്രതിഷേധിച്ചതും വലിയ വാര്‍ത്തയായിരുന്നു.