മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിടുന്നത് പാര്‍ട്ടി നയമല്ലെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. മാധ്യമപ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ വ്യത്യസ്ത നിലപാട് അല്ല പാര്‍ട്ടിക്കെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
എന്നാല്‍ ഏഷ്യാനെറ്റ് കൊച്ചി ചീഫ് റിപ്പോര്‍ട്ടര്‍ അഖിലയ്ക്കെതിരായ കേസ് പാര്‍ട്ടി നല്‍കിയതല്ലെന്നും വ്യക്തി നല്‍കിയതാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
‘മാധ്യമപ്രവര്‍ത്തകരെ മനഃപൂര്‍വ്വം ലക്ഷ്യം വെക്കുകയോ അവരുടെ ജോലി തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് ഞങ്ങളുടെ പാര്‍ട്ടിയുടെ ലക്ഷ്യമല്ല. പരാതി സര്‍ക്കാര്‍ നല്‍കിയതല്ലല്ലോ. ഈ കേസില്‍ പരാതി നല്‍കിയത് എസ്.എഫ്.ഐ നേതാവാണ്. പാര്‍ട്ടിയോ സര്‍ക്കാരോ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല,’ പ്രകാശ് കാരാട്ട് പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. കര്‍ഷക സമര സമയത്ത് ട്വിറ്റര്‍ പൂട്ടിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ ഭീഷണിക്കെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തതിനെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ന്യായീകരിച്ചിരുന്നു.