കൊൽക്കത്ത: ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് പൌരൻമാരെ തടഞ്ഞ് അതിർത്തി രക്ഷാസേന. പശ്ചിമബംഗാളിലെ ജൽപായ്ഗുരിയിലെ അന്താരാഷ്ട്ര അതിർത്തിയിലാണ് അഞ്ഞൂറോളം അഭയാർത്ഥികൾ ഇന്നലെ തടിച്ചു കൂടിയതെന്നാണ് ബംഗാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവരം ലഭിച്ചയുടനെ ബി.എസ്.എഫ് ഭടൻമാർ സ്ഥലത്ത് എത്തി നിലയുറപ്പിച്ചു. ബംഗ്ലാദേശ് സൈന്യത്തെ ബിഎസ്എഫ് വിവരമറിയച്ചതോടെ സീറോ പോയിൻ്റിന് മുൻപേ തന്നെ ഇവരെ തടയാനായി. അഭയാർത്ഥികളാരും അതിർത്തി കടന്നിട്ടില്ലെന്ന് ബിഎസ്എഫ് വ്യക്തമാക്കി. അതിർത്തിയിലെത്തിയ ബംഗ്ലാദേശികളിൽ ചിലർ ഇന്ത്യയിലേക്ക് ഓടി കയറാൻ ശ്രമിച്ചതോടെ ബിഎസ്എഫ് ഭടൻമാർക്ക് ആകാശത്തേക്ക് വെടിവയ്ക്കേണ്ടി വന്നതായും റിപ്പോർട്ടുകളുണ്ട്.
ജൽപായ്ഗുരിയിലെ കോട്വാലി പോലീസ് സ്റ്റേഷൻ്റെ കീഴിലുള്ള ദക്ഷിണ ബെരുബാരിയിലെ ധാർധാര ഗ്രാമത്തിലെ അന്താരാഷ്ട്ര അതിർത്തിക്ക് മറുവശത്താണ് ഇന്നലെ ബംഗ്ലാദേശി പൌരൻമാർ തടിച്ചു കൂടിയത്. വിവരമറിഞ്ഞ് ബിഎസ്എഫ് സ്ഥലത്ത് എത്തിയതോടെ തങ്ങളെ ഇന്ത്യയിലേക്ക് കയറ്റി വിടണമെന്ന് ആവശ്യപ്പെട്ട് ഇവർ കരയാൻ തുടങ്ങി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് അതിർത്തി കടക്കാനെത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു.
തങ്ങളുടെ ജീവൻ അപകടത്തിലാണെന്നും രക്ഷിക്കണമെന്നും പറഞ്ഞ് അവർ ബിഎസ്എഫുകാരോട് കരയുന്നത് കണ്ടു. കണ്ടു നിൽക്കാൻ പറ്റുന്നതായിരുന്നില്ല അവരുടെ അവസ്ഥ. രാവിലെ മുതൽ അവർ ബിഎസ്എഫിനോട് താണുകേണു പറഞ്ഞ് അവിടെ തുടരുകയായിരുന്നു. എന്നാൽ ആരേയും കടത്തി വിടില്ലെന്ന് ബിഎസ്എഫ് ഉറച്ച നിലപാട് എടുത്തു. ഉച്ചയോടെ കുറച്ചു പേർ തിരികെ പോയി. പക്ഷേ രാത്രി ഒൻപത് മണി വരെയും അവിടെ ആളുകളുണ്ടായിരുന്നു – പ്രദേശവാസികളെ ഉദ്ധരിച്ച് ആനന്ദബസാർ പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഈ ഭാഗത്ത് മുള്ളുവേലി ഇല്ലാത്ത അതിർത്തി ഭാഗമാണ്. മുഴുവൻ തേയില തോട്ടങ്ങളാണ്. അഭയാർത്ഥികൾ ഇന്ത്യയിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ബിഎസ്എഫ് എത്തി തോട്ടം തൊഴിലാളികളെ മുഴുവൻ ഒഴിപ്പിച്ചു ശേഷം അവർ അവിടെ നിലയുറപ്പിച്ചു. അഭയാർത്ഥികളോടെ തിരികെ ബംഗ്ലാദേശിലേക്ക് പോകാൻ ബിഎസ്എഫ് അഭ്യർത്ഥിച്ചു. എന്നാൽ അവർ പോവാൻ കൂട്ടാക്കിയില്ല.