ടെൽഅവീവ്: ഗാസയിൽ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച് ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയ. ഇസ്രയേലുമായി എല്ലാ മേഖലയിലുമുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുകയാണെന്ന് ബൊളീവിയ വ്യക്തമാക്കി. ബൊളീവിയയെ കൂടാതെ രണ്ട് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ കൂടി ഇസ്രായേലുമായുള്ള ബന്ധത്തിൽ പുനർചിന്തനം നടത്തുന്നതായാണ് സൂചന. ചിലിയും കൊളംബിയയും ആണ് ഇസ്രായേലിൽ നിന്നും തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിച്ചിരിക്കുന്നത്.
ഗാസാ മുനമ്പിൽ ഇസ്രായേൽനടത്തുന്ന മനുഷ്യത്വരഹിതമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാതരത്തിലുള്ള നയതന്ത്രബന്ധവും അവസാനിപ്പിക്കുകയാണെന്നാണ് ബൊളീവിയൻ വിദേശകാര്യസഹമന്ത്രി ഫ്രഡ്നി മമാനി അറിയിച്ചത്. ഇതിനു പിന്നാലെയാണ് കൊളംബിയയും ചിലിയും നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിച്ചത്.
അതിനിടെ ഗാസായിൽ കുടുങ്ങിയ വിദേശികൾക്കായി ഈജിപ്ത് റഫാ അതിർത്തി തുറന്നു. വിദേശികളുടെ ആദ്യസംഘം റഫാ അതിർത്തിയിലൂടെ ഈജിപ്തിലെത്തിയെന്നാണ് വിവരം. ഗാസയിൽ നിന്നും ആളുകൾക്ക് ഇസ്രയേൽ നിയന്ത്രണമില്ലാതെ പുറത്തു കടക്കാൻ പറ്റുന്ന ഒരേയൊരു മാർഗ്ഗമാണ് റഫാ ചെക്ക് പോസ്റ്റ്. വിദേശികളും ഇരട്ടപൌരത്വമുള്ളവരുമായ ഏതാണ്ട് നാന്നൂറോളം പേർക്ക് ഗാസയിൽനിന്നും ഇതിനോടകം പുറത്തു വന്നുവെന്നാണ് വിവരം. ഐക്യരാഷ്ട്ര സംഘടനയുടേയും വിവിധ രാജ്യങ്ങളുടേയും ഇടപെടലിനെ തുടർന്ന് ദുരിതബാധിതർക്കുള്ള സഹായങ്ങളുമായി ഇരുന്നൂറോളം ട്രക്കുകൾ റാഫ അതിർത്തിയിൽ ഈജിപ്തിൻ്റെ ഭാഗത്ത് എത്തിയെങ്കിലും. ഈ ട്രക്കുകൾക്ക് അതിർത്തി കടക്കാനായിട്ടില്ല.