കൊച്ചി: ചലച്ചിത്ര താരം ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലായി. വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണൂർ എന്ന ബോ.ചെയെ കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് രാവിലെ വയനാട്ടിലെ 1000 ഏക്കർ എന്ന സ്വന്തം എസ്റ്റേറ്റിൽ നിന്നുമാണ് പൊലീസ് ബോ.ചെയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പൊലീസ് ക്യാംപിലേക്ക് എത്തിച്ച ബോബിയെ അവിടെ നിന്നുമാണ് രാത്രി ഏഴ് മണിയോടെ കൊച്ചിയിൽ എത്തിച്ചത്. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് ബോബിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് വൈദ്യപരിശോധന നടത്തിയ ശേഷം നാളെ മാത്രമേ ബോബി ചെമ്മണൂരിനെ കോടതിയിൽ ഹാജരാകൂ എന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. ബോബി ചെമ്മണൂരിനെ ജാമ്യത്തിൽ എടുക്കാൻ അദ്ദേഹത്തിൻ്റെ അഭിഭാഷക സംഘം സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. എന്നാൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത് എന്നതിനാൽ കോടതിയിൽ നിന്നും മാത്രമേ ബോബിക്ക് ജാമ്യം കിട്ടൂ. നിലവിലെ സാഹചര്യത്തിൽ ഇന്ന് ബോബി ചെമ്മണൂരിന് പൊലീസ് സ്റ്റേഷനിൽ തന്നെ കഴിയേണ്ടി വരും.
ഹണി റോസ് ബോബി ചെമ്മണൂരിൻ്റെ പേരിൽ നേരിട്ട് പരാതി നൽകുകയും കോടതിയിൽ എത്തി നടി രഹസ്യമൊഴി നൽകുകയും ചെയ്തതിന് പിന്നാലെയാണ് പൊലീസ് ബോബി ചെമ്മണൂരിനെതിരെ നടപടി കടുപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി വയനാട്ടിലുള്ള ബോബി ചെമ്മണൂർ അവിടെ നിന്നും കേരളം വിട്ടേക്കാം എന്ന് തിരിച്ചറിഞ്ഞ പൊലീസ് 1000 ഏക്കറിൽ നിന്നും പുറത്തേക്ക് പോകുന്നതിനിടെയാണ് ബോബി ചെമ്മണൂരിനെ തടഞ്ഞ് കസ്റ്റഡിയിൽ എടുത്തത്. സ്വന്തം വാഹനത്തിൽ എത്താമെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതം നൽകിയില്ല.
എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മാജിസ്ട്രേറ്റ് കോടതിയിൽ എത്തി ആണ് ഹണി മൊഴി നൽകിയത്. തനിക്കൊപ്പം നിന്ന നിയമസംവിധാനങ്ങൾക്കും പൊലീസിനും മുഖ്യമന്ത്രിക്കും ഹണി റോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിച്ചിരുന്നു.