കോഴിക്കോട്: ഇസ്രയേൽ അനുകൂല സമ്മേളനം സംഘടിപ്പിക്കാനൊരുങ്ങി ബിജെപി. ഡിസംബർ രണ്ടിന് കോഴിക്കോട് നഗരത്തിലെ മുതലക്കുളത്ത് വച്ചാണ് സമ്മേളനം. ഹമാസ് ഭീകരതയ്ക്കെതിരായ ഭീകരസമ്മേളനം എന്നാണ് സമ്മേളനത്തെ ബിജെപി നേതാക്കൾ വിശേഷിപ്പിക്കുന്നത്.
കേന്ദ്രമന്ത്രിഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അടക്കമുള്ള ഉന്നത ബിജെപി നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ക്രൈസ്തവ സഭാ നേതാക്കളെ സമ്മേളനത്തിലേക്ക് ക്ഷണിക്കുമെന്ന് ബിജെപി കോഴിക്കോട് ജില്ലാ അധ്യക്ഷൻ വികെ സജീവൻ പറഞ്ഞു.
അതിർത്തി കടന്നുള്ള ഒരു തീവ്രവാദം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും സ്ത്രീകളേയും കുട്ടികളേയും ഇതരരാജ്യങ്ങളിലെ പൌരൻമാരേയും ബന്ദികളാക്കുന്നതും കുട്ടികളെ വധിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും വികെ സജീവൻ പറഞ്ഞു. ഈ കാരണങ്ങൾ കൊണ്ടാണ് ഇന്ത്യയും യുഎസ്എയും അടക്കം മുൻനിരരാജ്യങ്ങൾ ഇസ്രയേലിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.