2024-ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത് ഭക്ഷ്യ വിഭവങ്ങളുടെ പട്ടിക പുറത്തു വിട്ട് ഓണ്‍ലൈൻ ഭക്ഷണ വിതരണ ആപ്പായ സ്വിഗ്ഗി. മുൻവർഷങ്ങളിലേത് പോലെ ഈ വർഷവും ബിരിയാണി തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈൻ ആപ്പായ സ്വിഗ്ഗിയിലൂടെ ഏറ്റവും കൂടുതൽ പേർ ഓർഡർ ചെയ്തത് എന്നാണ് കണക്കുകകൾ. 8.3 കോടി ബിരിയാണികൾ ആണ് നടപ്പുവർഷം രാജ്യത്തെ വിവിധ നഗരങ്ങളിലായി സ്വിഗ്ഗി വിതരണം ചെയ്തത്. ഒരു മിനിറ്റിൽ 158 അല്ലെങ്കിൽ ഒരു സെക്കൻഡിൽ രണ്ട് എന്ന കണക്കിലാണ് ഇന്ത്യക്കാർ ബിരിയാണി ഓണലൈനിൽ ഓർഡർ ചെയ്തത്. ഓഫ് ലൈൻ കച്ചവടം ഇതിലും പലമടങ്ങാവാം എന്നതിനാൽ ബിരിയാണി തന്നെയാണ് ഇന്ത്യയുടെ ദേശീയ ഭക്ഷ്യ വിഭവം എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം. ഉച്ചയ്ക്ക് മാത്രമല്ല അർധരാത്രിയിലും വൻതോതിൽ ആളുകൾ ബിരിയാണി ഓർഡർ ചെയ്തുവെന്നാണ് സ്വിഗ്ഗിയുടെ കണക്കുകളിൽ നിന്നും വ്യക്തമാവുന്നത്. അർധരാത്രി 12 മണി മുതൽ രണ്ട് മണി വരെയാണ് ബിരിയാണിക്ക് വൻഡിമാൻഡ്.
2.3 കോടി ഓർഡറുകളുമായി ദോശയാണ് ബിരിയാണിക്ക് ശേഷം ഇന്ത്യക്കാരുടെ പ്രിയഭക്ഷണമായി പട്ടികയിൽ ഇടം നേടിയത്. 25 ലക്ഷം പേർ ഓർഡർ ചെയ്ത ബാംഗ്ലൂർ മസാല ദോശയാണ് ദോശകളിലെ ജനപ്രിയൻ. ലഞ്ചിനേക്കാൾ കൂടുതൽ ഡിന്നറിനാണ് ആളുകൾ സ്വിഗ്ഗിയെ ആശ്രയിക്കുന്നത് എന്നാണ് കണക്ക്. 2.15 ഡിന്നർ ഓർഡറുകളാണ് സ്വിഗ്ഗി കൈകാര്യം ചെയ്തത്. ലഞ്ച് ഓർഡറുകളേകാൾ 29 ശതമാനം അധികം.
ചെറുകടികളിൽ ചിക്കൻ റോളാണ് ഇന്ത്യയിലെ പ്രമുഖൻ. രണ്ടരക്കോടി ചിക്കൻ റോളുകൾ സ്വിഗ്ഗി വഴി ഓർഡർ ചെയ്യപ്പെട്ടു. ചിക്കൻ മോമോസ്, പൊട്ടാറ്റോ ഫ്രൈസ് എന്നിവയാണ് തൊട്ടുപിന്നിൽ. ബിരിയാണി കൂടാതെ ഇന്ത്യക്കാർ രാത്രിയിൽ കൂടുതലായി കഴിക്കാൻ ഇഷ്ടപ്പെടുന്നത് ചിക്കൻ ബർഗറാണ്.
ഡൽഹിയിൽ ഒരാൾ ഒറ്റയടിക്ക് 250 ഒണിയൻ പിസ വാങ്ങിയതാണ് സ്വിഗ്ഗിക്ക് ഈ വർഷം കിട്ടിയ ഏറ്റവും വലിയ ഓർഡർ. ഇന്ത്യൻ ക്രിക്കറ്റ് ടി20 ലോകകപ്പ് ജയിച്ച രാത്രിയിൽ ഒരാൾ 120 ബർഗറുകൾ വാങ്ങി വിജയം ആഘോഷിച്ച സംഭവവും ഉണ്ടായി. ബെംഗളൂവിൽ നിന്നുള്ള ഒരാൾ 49900 രൂപയാണ് സ്വിഗ്ഗിയിൽ ഭക്ഷണം വാങ്ങാൻ ചിലവാക്കിയത്. പാസ്തയായിരുന്നു ഇദ്ദേഹത്തിൻ്റെ ഇഷ്ടഭക്ഷണം. ആഡംബര ഹോട്ടലുകളിൽ ബുക്കിംഗ് എളുപ്പമാക്കുന്നത് സ്വിഗ്ഗി ഡൈൻ ഔട്ട് ഓപ്ഷൻ വഴി മുംബൈ സ്വദേശി മൂന്ന് ലക്ഷം രൂപയുടെ പാർട്ടി നടത്തിയതും കണക്കുകളിൽ ഉണ്ട്. മുംബൈയിലെ സ്വിഗ്ഗി ഡെലിവറി ബോയിയായ കപിൽ കുമാർ പാണ്ഡെയാണ് 2024-ൽ ഏറ്റവും കൂടുതൽ ഓർഡർ ഡെലിവറി നടത്തിയത് 10703 എണ്ണംയ കോയമ്പത്തൂരിൽ നിന്നുളള കാളീശ്വരിയാണ് 6658 ഓർഡറുമായി മുന്നിലുള്ള ഡെലിവറി ഗേൾ.