ബിന്ദുവിന്റെയും സജീഷിന്റെയും പതിനഞ്ച് വർഷത്തെ കാത്തിരിപ്പിനാണ് എഡിറ്റോറിയൽ,ട്രൂത്ത് മാംഗല്യത്തിലൂടെ വിരാമമായത്.കൈപിടിച്ച് അച്ഛന്റെ സ്ഥാനത്ത് നിന്ന് കല്യാണം മമ്മൂക്ക നടത്തി തരുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് സജീഷ് പറയുമ്പോൾ,ഇതിൽ പരം സന്തോഷം മറ്റൊന്നില്ലെന്ന് ബിന്ദുവും പറഞ്ഞു.ട്രൂത്ത് ചെയർമാൻ അബ്ദുൾ സമദ് ബിസിനസ് രംഗത്തേക്ക് പ്രവേശിച്ചിട്ട് 20 വർഷം തികഞ്ഞപ്പോൾ 20 ദമ്പതിമാരുടെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.
സ്വന്തം സഹോദരിക്കും പരിമിധികൾ ഉണ്ടായിരുന്നു, എന്നാൽ അനിയോജ്യനായ വരനെ തന്നെ ലഭിച്ചു.അത്കൊണ്ട് തന്നെ,അങ്ങനെ പരിമിധികൾ മൂലം കഷ്ടപ്പെടുന്നവരുടെ വിവാഹം നടത്തണമെന്ന് തീരുമാനിക്കുകയായിരുന്നെന്നും സമദ് പറഞ്ഞു.ബിന്ദുവും സജീഷും ഒന്നിക്കാൻ വൈകിയത്തിന്റെ പ്രധാന കാരണം ബിന്ദുവിന്റെ ചികിത്സയ്ക്കായി കിട്ടുന്ന തുക മുഴുവൻ ചിലവഴിക്കേണ്ടി വരുമ്പോൾ കല്യാണത്തിനായി ഒന്നും നീക്കി വയ്ക്കാൻ പറ്റാത്തത് കൂടിയായിരുന്നു. സംഗീതത്തോടുളള പ്രണയമാണ് സജീഷിനെയും ബിന്ദുവിനെയും ഒന്നിപ്പിച്ചത്.
അരയ്ക്ക് കീഴെ തളർന്ന ബിന്ദുവിന്റെ പ്രധാന വിനോദം പാട്ട് കേൾക്കലായിരുന്നു. കോഴിക്കോട് ആകാശവാണിയുടെ പ്രണയഗീതം പരിപാടിയിലേക്ക് എന്നും ബിന്ദു വിളിക്കുമായിരുന്നു പാട്ടിനായി, ഇങ്ങേതലക്കിൽ എന്നും ഫോൺ എടുത്ത് കൊണ്ടിരുന്നത് സജീഷായിരുന്നു. പാട്ട് ചോദിച്ച് പാട്ട് പറഞ്ഞ് കൊടുത്തും ഹൃദയങ്ങൾ തമ്മിൽ കാണാതെ ഒന്നായി. ഒരു ഗ്ലാസ്സ് വെളളം പോലും എനിക്ക് എടുത്ത് തരാനാകില്ല എന്ന് ബിന്ദു പറഞ്ഞപ്പോളും ജീവിത കാലം മുഴുവൻ അവളെ ചേർത്ത് പിടിക്കാൻ സജീഷും തയാറായി. പതിനഞ്ച് വർഷത്തെ പ്രണയ കാലത്ത് പലവിധത്തിലുളള പ്രതിസന്ധികൾ നേരിടേണ്ടി വന്നിടുണ്ട്, രണ്ടാൾക്കും. കഷ്ട്ടപാടുകൾക്ക് പര്യവസാനം ഇട്ട് കൊണ്ട് ബിന്ദുവും സജീഷും ഒന്നിക്കുമ്പോൾ വിജയിച്ചത് യഥാർത്ഥ പ്രണയം കൂടിയാണ്.