കോഴിക്കോട്: അടുത്ത രണ്ട് വർഷത്തിനകം കരിപ്പൂർ അടക്കം രാജ്യത്തെ 25 വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതോടെ ആരാവും വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കുക എന്ന ചർച്ചകളും സജീവമായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നൂറ് കോടിയോളം രൂപയുടെ വരുമാനമാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും എയർപോർട്ട് അതോറിറ്റിക്ക് ലഭിച്ചത്. എന്നാൽ വിമാനത്താവള നടത്തിപ്പിൽ നിന്നും സർക്കാർ മാറി നിൽക്കുക, കൂടുതൽ സ്വകാര്യ നിക്ഷേപം കൊണ്ടു വരിക എന്ന നയത്തിൻ്റെ അടിസ്ഥാനത്തിലാണ് ലാഭത്തിലുള്ള കരിപ്പൂരും സ്വകാര്യവത്കരിക്കാൻ ഒരുങ്ങുന്നത്.
ജിസിസി രാജ്യങ്ങളിലെ മലബാറുകാരുടെ ശക്തമായ സാന്നിധ്യമാണ് കരിപ്പൂരിനെ രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിൽ ഒന്നാക്കി നിർത്തുന്നത്. മിഡിൽ ഈസ്റ്റിലേക്ക് മികച്ച കണക്ടിവിറ്റിയാണ് ഈ വിമാനത്താവളത്തിനുള്ളത്. വിമാനത്താവളത്തിലെ റൺവേ വികസനത്തിന് ആവശ്യമായ ഭൂമി ഈ മാസം പതിനഞ്ചിനകം ഏറ്റെടുത്ത് നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയതോടെ കരിപ്പൂരിൻ്റെ ഭാവിയെ ചൊല്ലിയുള്ള ആശങ്കകളും ഇല്ലാതാവും. ഭൂമിയേറ്റെടുത്താൽ റൺവേ വികസനത്തിൻ്റെ പൂർണചിലവ് വഹിക്കാമെന്ന് നേരത്തെ എയർപോർട്ട് അതോറിറ്റി വ്യക്തമാക്കിയിരുന്നു.
വിമാനത്താവള അനുബന്ധ വ്യവസായ മേഖലയിലെ മുൻനിര കമ്പനികളെല്ലാം കരിപ്പൂരിൽ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ദില്ലി, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള ജി.എം.ആർ ഗ്രൂപ്പ്, മുംബൈ, തിരുവനന്തപുരം, ഗുവാഹത്തി, മംഗളൂരു, അഹമ്മദാബാദ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പ്, ബെംഗളൂരു വിമാനത്താവളത്തിൻ്റെ നടത്തിപ്പ് ചുമതലയുള്ള ഫെയർഫാക്സ് തുടങ്ങിയ കമ്പനികൾക്ക് കരിപ്പൂർ ഏറ്റെടുക്കാൻ താത്പര്യമുണ്ട്.
ഇതുകൂടാതെയാണ് കരിപ്പൂർ ഏറ്റെടുക്കാൻ കേരള സർക്കാരും രംഗത്ത് വന്നിരിക്കുന്നത്. പൊതുമേഖല കമ്പനികളായ സിയാൽ (കൊച്ചി എയർപോർട്ട്), കിയാൽ (കണ്ണൂർ എയർപോർട്ട്) എന്നിവയിലൊന്ന് കരിപ്പൂർ വിമാനത്താവളത്തിനായുള്ള ടെണ്ടറിൽ പങ്കെടുക്കും എന്നാണ് മന്ത്രി വി.അബ്ദുറഹ്മാൻ ഇന്നലെ വ്യക്തമാക്കിയത്. വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണത്തിന് എതിരായ നിലപാടാണ് സർക്കാരിനും എൽഡിഎഫിനുമുള്ളത്. യുഡിഎഫിനും സമാന നിലപാടാണെങ്കിലും തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെ തിരുവനന്തപുരം എംപി ശശി തരൂർ സ്വാഗതം ചെയ്തിരുന്നു.
2019 ഫെബ്രുവരിയിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പാനായുള്ള ടെണ്ടർ കേന്ദ്രസർക്കാർ വിളിച്ചത്. കേരള സർക്കാർ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെഎസ്ഐഡിസി) ടെണ്ടറിൽ പങ്കെടുത്തു. ഒടുവിൽ ടെണ്ടർ തുറന്നപ്പോൾ കൂടുതൽ തുക വാഗ്ദാനം ചെയ്ത അദാനി ഗ്രൂപ്പിന് കരാർ കിട്ടി. അദാനി ഗ്രൂപ്പ് ഒരു യാത്രക്കാരന് 168 രൂപയാണ് ബിഡ് ചെയ്തത്. കെഎസ്ഐഡിസി 135 രൂപയും ജിഎംആർ ഗ്രൂപ്പ് 63 രൂപയും ബിഡ് ചെയ്തു. സർക്കാർ സ്ഥാപനമായതിനാൽ കെഎസ്ഐഡിസിക്ക് 10% കിഴിവ് നൽകിയിരുന്നെങ്കിലും, അദാനി അതിലും 30 ശതമാനം ഉയർത്തി ബിഡ് ചെയ്തതോടെ തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം പാളി.
എന്താണ് വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണം?
വിമാനത്താവളത്തിൻ്റെ നടത്തിപ്പും വിമാനത്താവളം അടങ്ങുന്ന ഭൂമിയും അതിലെ സകലം വസ്തുവകകളും മേൽനോട്ടവും താത്കാലികമായുള്ള അവകാശവും കരാർ ഏറ്റെടുക്കുന്ന കമ്പനിക്ക് ലഭിക്കും. വിമാനത്താവളത്തിൽ പുതിയ ടെർമിനൽ, മറ്റു കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, വ്യാപാരശാലകൾ എന്നിവ നിർമ്മിക്കാനും തുടങ്ങാനും നടത്താനും കരാറുകാരന് അധികാരമുണ്ടാവും. അതേസമയം വിമാനത്താവളത്തിൻ്റെ സുരക്ഷാ ചുമതലയും പരിശോധനകളും മറ്റും സർക്കാർ ഏജൻസികളുടേയും സേനകളുടേയും ഉത്തരവാദിത്തതിലായിരിക്കും.
ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ കരാറുകാരനും എയർപോർട്ട് അതോറിറ്റിയും ലാഭം പങ്കിട്ടെടുക്കുന്ന പിപിപി മോഡലാണുള്ളത്. എന്നാൽ വിമാനത്താവളത്തിൽ എത്തുന്ന ഓരോ യാത്രക്കാരനും നിശ്ചിത തുക വച്ച് കരാറുകാരൻ മാസം തോറും എയർപോർട്ട് അതോറിറ്റിക്ക് നൽകുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ഈ രീതിയാണുള്ളത്.
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) കീഴിൽ രാജ്യത്താകെ 120 ലധികം വിമാനത്താവളങ്ങളുണ്ട്. ഡൽഹി, മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ്, കൊച്ചി വിമാനത്താവളങ്ങൾ പിപിപി (പൊതു-സ്വകാര്യ സംയുക്ത നിക്ഷേപം) മാതൃകയിലാണ് സ്ഥാപിച്ചത്. ഇവയിൽ ഡൽഹി അടക്കമുള്ളവ പിന്നീട് സ്വകാര്യവത്കരിച്ചു. 2016-17 കേന്ദ്ര ബജറ്റിലാണ് വ്യോമമേഖലയിൽ കൂടുതൽ സ്വകാര്യ നിക്ഷേപം പ്രഖ്യാപിച്ചത്. തുടർന്ന് ഘട്ടംഘട്ടമായി രാജ്യത്തെ വിമാനത്താവളങ്ങൾ സ്വകാര്യവത്കരിച്ച് വരികയാണ്.
2020-ഓടെ ലഖ്നൗ, അഹമ്മദാബാദ്, ജയ്പൂർ, മംഗളൂരു, തിരുവനന്തപുരം, ഗുവാഹത്തി വിമാനത്താവളങ്ങൾ സ്വകാര്യവത്കരിച്ചു. രണ്ടാം ഘട്ടത്തിൽ ഭുവനേശ്വർ, വാരണാസി, അമൃത്സർ, ട്രിച്ചി തുടങ്ങി 13 വിമാനത്താവളങ്ങളും സ്വകാര്യവത്കരിച്ചു. 2024-ഓടെ വിമാനത്താവളങ്ങളിൽ 3,660 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2025 ഓടെ എഎഐയുടെ ഉടമസ്ഥതയിലുള്ള 25 വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനാണ് സർക്കാരിന്റെ ലക്ഷ്യം. ഈ പട്ടികയിലാണ് കരിപ്പൂർ ഉൾപ്പെടുന്നത്.
കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ തിരുവനന്തപുരവും കരിപ്പൂരും സ്വകാര്യവത്കരിക്കപ്പെടും. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ സർക്കാരിന് ഭൂരിപക്ഷ ഓഹരിയുള്ള സിയാൽ, കിയാൽ എന്നീ കമ്പനികളുടെ നിയന്ത്രണത്തിലാണ്. കേരളത്തോട് ചേർന്ന് കിടക്കുന്ന മംഗളൂരു വിമാനത്താവളം ഇതിനോടകം സ്വകാര്യവത്കരിച്ചു കഴിഞ്ഞു. കോയമ്പത്തൂർ വിമാനത്താവളം കരിപ്പൂരിനൊപ്പം സ്വകാര്യവത്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.