ആടുജീവിതം സിനിമയായി കാണുന്നതിന് താനും കാത്തിരിക്കുകയാണെന്ന് നോവലിസ്റ്റ് ബെന്യാമിന്. ചിതത്തിന്റെ റിലീസിനോട് അനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വീഡിയോയിലാണ് ആടുജീവിതം സിനിമയാകുന്നതിന് പിന്നിലുള്ള കഥ ബെന്യാമിന് പങ്കുവെച്ചത്. ജോര്‍ദാനിലെ ചിത്രീകരണ സമയത്തുള്ള വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
ബെന്യാമിന്റെ വാക്കുകള്‍ :
ഒരു പ്രവാസിയായിരുന്ന എനിക്ക് ഗള്‍ഫ് പശ്ചാത്തലമായി ഒരു നോവല്‍ എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഈ സമയത്ത് തന്നെയാണ് യഥാര്‍ഥ ജീവിതത്തിലെ നജീബിനെ ഞാന്‍ കണ്ടുമുട്ടുന്നത്.
ഒരു മനുഷ്യനും ദൈവവും മാത്രമുള്ള ഒരു കഥയെക്കുറിച്ച് ചിന്തിച്ചിരുന്നു. അതാണ് ആടുജീവിതത്തിന്റെ ആദ്യ രൂപങ്ങളില്‍ ഒന്ന്. യഥാര്‍ഥ ജീവിതത്തിലെ നജീബിനൊപ്പം ദീര്‍ഘനാള്‍ സഞ്ചരിക്കുകയും സംസാരിക്കുകയും ചെയ്തതില്‍ നിന്നാണ് അയാള്‍ അനുഭിച്ച കാര്യങ്ങള്‍ ഞാന്‍ മനസിലാക്കി.
ഒന്നര വര്‍ഷത്തോളമെടുത്താണ് നജീബുമായി സൗഹൃദത്തില്‍ ആവുന്നതും അദ്ദേഹത്തിന്റെ കഥ മനസിലാക്കുന്നതും. ഈ ജീവിത കഥ അറിഞ്ഞപ്പോഴാണ് ഇതാണ് ഞാന്‍ എഴുതേണ്ട നോവല്‍ എന്ന് തീരുമാനിച്ചത്. നോവല്‍ സിനിമയാകുമ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക പ്രവര്‍ത്തകരാണ് അണിയറയില്‍ ഉള്ളത് എന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. നോവല്‍ അതേപടി സിനിമയാക്കുകയല്ല ചെയ്തിരിക്കുന്നത്.