വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയായ ബേലൂര്‍ മഖ്നയെ മയക്കുവെടി വെക്കാനുള്ള ദൗത്യ സംഘത്തിനൊപ്പം ഇന്ന് ഡോക്ടര്‍ അരുണ്‍ സഖറിയയും ചേരും. വാകേരിയിലെ കടുവയെ പിടികൂടിയതും അരിക്കൊമ്പനെ മയക്കുവെടി വെച്ചതിനും നേതൃത്വം നല്‍കിയത് അരുണ്‍ സഖറിയയുടെ കീഴിലുള്ള പാര്‍ട്ടിയായിരുന്നു.
ആന ഇപ്പോഴുള്ളത് വനത്തിലാണെന്ന് നോര്‍ത്ത് വയനാട് ഡിഎഫ് ഒ മാര്ട്ടിന് ലോവല്‍ പറഞ്ഞു. കഴിഞ്ഞദിവസം കണ്ട മോഴയും ബേലൂര്‍ മഖ്നയുടെ കൂടെ ഉണ്ടെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി. ആന ഇപ്പോള്‍ നില്‍ക്കുന്നത് കുത്തനെയുള്ള പ്രദേശത്താണെന്നും അവിടെ മയക്കുവെടി വെക്കാന്‍ സാഹചര്യമില്ലെന്നും ഡിഎഫ്ഒ വിശദമാക്കി. ആനയെ മറ്റൊരിടത്തേക്ക് നീക്കി മയക്കുവെടി വെക്കാനാണ് സംഘം ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസം ബേലൂര്‍ മഖ്നയ്ക്കൊപ്പം മറ്റൊരു മോഴയാന കൂടി ഉണ്ടായിരുന്നു. ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്ത് ഈ മോഴയാന പാഞ്ഞടുക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ആറ് ദിവസമായി മേലൂര്‍ മഗ്നയെ പിടികൂടാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.