മലപ്പുറം: മലപ്പുറം തിരുവാലിയിൽ വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത് ആശങ്ക സൃഷ്ടിക്കുന്നു. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ചവയിൽ 17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്ത് നിലത്ത് പതിച്ചത്. വവ്വാലുകളുടെ മരണ കാരണം കണ്ടെത്താൻ സാമ്പിളുകൾ ആരോഗ്യ വകുപ്പ് പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചു.
കഴിഞ്ഞ ദിവസമാണ് വവ്വാലുകൾ കൂട്ടത്തോടെ ചത്തുവീണത്. ചത്ത ചില വവ്വാലുകൾ മരത്തിൽ തൂങ്ങി കിടക്കുന്ന നിലയിലുമായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും വനം വകുപ്പിലെ വെറ്റിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്ത് എത്തി പരിശോധന നടത്തി.
അധികം പ്രായമില്ലാത്ത വവ്വാലുകളാണ് ചത്തതെന്നും കടുത്ത ചൂടാണ് മരണകാരണമെന്ന് സംശയിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചതോടെയാണ് സാംപിളുകൾ വിദഗ്ദ്ധ പരിശോധനയ്ക്ക് അയക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.രാമൻ കുട്ടി ആവശ്യപ്പെട്ടത്. ഇതോടെ ഉദ്യോഗസ്ഥർ സാംപിളുകൾ ശേഖരിച്ച ശേഷം ചത്ത വവ്വാലുകളെ കുഴിച്ചിട്ടു.