ധാക്ക: വിദ്യാർത്ഥി പ്രക്ഷോഭത്തിൽ 300 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ച സൈനിക മേധാവി വ്യക്തമാക്കി. സമരം അവസാനിപ്പിക്കാൻ വിദ്യാർത്ഥി സംഘടനകളോട് അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലുണ്ടായ മുഴുവൻ സംഘർഷത്തിൻ്റേയും ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും സൈനികമേധാവി വഖർ ഉസ് സമൻ വ്യക്തമാക്കി.
ഷെയ്ഖ ഹസീന അതിർത്തി കടന്ന് ഇന്ത്യയിൽ അഭയം പ്രാപിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാജിക്ക് പിന്നാലെ സഹോദരിക്കൊപ്പം അവർ ബംഗ്ലാദേശ് വിട്ടുവെന്ന വിവരവും പുറത്തു വരുന്നുണ്ട്. സൈനിക ഹെലികോപ്റ്ററിൽ ഷെയ്ഖ് ഹസീന കയറുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം ബംഗ്ലാദേശിൽ നിന്നും പുറപ്പെട്ട ഒരു സൈനിക വിമാനം കൊൽക്കത്ത ചുറ്റി ദില്ലി ലക്ഷ്യമാക്കി നീങ്ങുന്നതായി ഫ്ലൈറ്റ് റഡാർ ആപ്പുകൾ അടിസ്ഥാനമാക്കി ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വിമാനത്തിൽ ഷെയ്ഖ് ഹസീനയുണ്ടെന്നാണ് വിവരം. അതേസമയം ഷെയ്ഖ് ഹസീനയുടെ രാജിവാർത്ത ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ സ്ഥിരീകരിച്ചു.
ആഴ്ചകളായി ബംഗ്ലാദേശിൽ പ്രക്ഷോഭം തുടരുന്ന വിദ്യാർത്ഥി സംഘടനകൾ ഇന്നലെ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലേക്ക് ലോംഗ് മാർച്ച് പ്രഖ്യാപിച്ചിരുന്നു. മാർച്ചിനെ നേരിടാൻ സർക്കാർ കർഫ്യൂ പ്രഖ്യാപിക്കുകയും മൂന്ന് ദിവസത്തെ പൊതു അവധി പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും സമരക്കാരെ തടയാനായില്ല.
നേരത്തെ വിച്ഛേദിച്ച ഇൻ്റർനെറ്റ് ബന്ധം ഉച്ചയോടെ ബംഗ്ലാദേശിൽ പുനസ്ഥാപിച്ചു. എന്നാൽ സമൂഹമാധ്യമങ്ങൾക്ക് നിരോധനം നിലനിൽക്കുന്നുവെന്നാണ് വിവരം. തലസ്ഥാനമായ ധാക്കയിൽ പ്രക്ഷോഭകാരികൾ ഷെയ്ഖ് ഹസീനയുടെ പിതാവും രാഷ്ട്ര പിതാവുമായ മുജീബ് ഉർ റഹ്മാൻ്റെ പ്രതിമ നശിപ്പിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗോനോ ഭവൻ പ്രക്ഷോഭകർ കൈയടക്കിയെന്നും വാർത്തകളുണ്ട്.
അതേസമയം ബംഗ്ലാദേശിൽ പലയിടത്തും പൊലീസും സമരക്കാരും ഇപ്പോഴും ഏറ്റുമുട്ടുകയാണെന്നാണ് വിവരം. തലസ്ഥാനമായ ധാക്കയിൽ ഉടനീളം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ ഉന്നത നേതാക്കളുമായി സൈനിക മേധാവി ചർച്ച നടത്തി.