മൂന്നാം വയസ്സിൽ വയനാട്ടിലുണ്ടായ മലവെളളപ്പാച്ചിലിലാണ് അസ്മത്ത് വീൽചെയറിലായത്.പിന്നീടങ്ങോട്ട് അവളുടെ ബാല്യവും കൗമാരവും യൗവനവുമെല്ലാം അതിലിരുന്നായിരുന്നു. മൂന്ന് പെൺമക്കളിൽ ചേച്ചിയും അനിയത്തിയും ഓരോരിത്തരുടെ കൈപിടിച്ച് പടിയിറങ്ങിയപ്പോൾ അസ്മത്ത് വിചാരിച്ചിരുന്നില്ല തന്റെ കൈപിടിക്കാനും ഒരു രാജകുമാരൻ വരുമെന്ന് ‘അഷറഫ്’.
അവനൊരിക്കലും അവളെ വീൽചെയറിൽ ഇരിക്കുന്ന പെണ്ണായി കണ്ടില്ല…കൂടെയുണ്ടെങ്കിൽ പിടിച്ച് നിൽക്കാൻ പറയും കൈകൊണ്ട് താങ്ങി പിടിക്കും…ഇനിയും വൈകാതെ നടക്കണമെന്ന് പറയും. അസമത്തിന്റെ പ്രണയവും ആത്മധൈര്യവും ഇപ്പോൾ അഷറഫാണ്.’വീൽചെയറിൽ ഇരിക്കണ പെണ്ണിന് കല്യാണം വേണോയെന്ന് പലരും ചോദിച്ചിട്ടുണ്ട് അവരുടെയൊക്കെ മുന്നിൽ നന്നായി തന്നെ ജീവിച്ച് കാണിക്കണമെന്ന് അസ്മത്ത്.
പൊന്നു പോലെ നോക്കാനാണ് കല്യാണം കഴിക്കുന്നതെന്ന് അഷറഫും ഒരിക്കൽ അവൾ എന്നെ കുറേ നേരം നോക്കി നിന്നിട്ട് ഇക്കൂ..എനിക്ക് ഇത്തിരി ചോറ് വാരി തരുമോയെന്ന് ചോദിച്ചു…അന്ന് തൊട്ട് കൂടെയുണ്ടെങ്കിൽ ഞാൻ വാരി കൊടുക്കാറുണ്ടെന്ന് അഷറഫ് പറയുമ്പോൾ പ്രണയത്തോടൊപ്പം വാൽസല്യവും ആ കണ്ണിൽ നിറഞ്ഞു.എഡിറ്റോറിയലും ട്രൂത്ത് ഗ്ലോബൽ ഗ്രൂപ്പും ചേർന്നൊരുക്കിയ മാംഗല്യം വേദിയിൽ തങ്ങളുടെ വിവാഹത്തിന് മമ്മൂക്ക വന്നത് അപ്രതീക്ഷിതമായിട്ടായിരുന്നെന്നും…ജീവിതത്തിൽ ഇങ്ങനൊരു ഭാഗ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അഷറഫ്. ഇത്രയും ഭാഗ്യം ചെയ്ത അവസരത്തിൽ രണ്ടുപേരും തങ്ങളുടെ ഇഷ്ട നായകനോടൊപ്പം സെൽഫി എടുക്കാനും മറന്നില്ല.ഇനി ഭാവിയിൽ എത്രയും പെട്ടെന്ന് രണ്ട് പേരും പൂർത്തീകരിച്ച് കാണാൻ ആഗ്രഹിക്കുന്നത് ഒറ്റ ആഗ്രഹമാണ്. അസമത്ത് നടന്നു കാണണമെന്ന് അഷറഫും ഇക്കൂന്റെ കൈപിടിച്ച് നടക്കണെമന്ന് അസമത്തും ഒന്നായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.