ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രോഹിത് ശർമ്മയാണ് ടീമിനെ നയിക്കുക. മലയാളി താരം സഞ്ജു സാംസണ് ടീമിലിടം ലഭിച്ചില്ല. പരിക്കേറ്റ ബുമ്രയും ഹർഷൽ പട്ടേലും ടീമിൽ ഉൾപ്പെട്ടിട്ടില്ല. വിരാട് കോഹ്ലിയും കെഎൽ രാഹുലും ടീമിൽ തിരിച്ചെത്തി. തിരിച്ചുവരവിൽ ഫോം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് കോഹ്ലിയെ ടീമിൽ ഉൾപ്പെടുത്തിയത്. ഓഗസ്റ്റ് 27 ന് യുഎഇയിൽ ഏഷ്യാ കപ്പ് ആരംഭിക്കും. ഓഗസ്റ്റ് 28 പാകിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.
സഞ്ജുവിനേയും മുഹമ്മദ് ഷമിയേയും ടീമിൽ ഉൾപ്പെടുത്താത്തതിൽ പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. ഐപിഎല്ലിലും വിൻഡീസുമായുള്ള കഴിഞ്ഞ ടി20കളിലും മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താതെ പോയതിൽ ആരാധകർക്കിടയിൽ പ്രതിഷേധം ഉയരുന്നുണ്ട്. പന്തിനേക്കാൾ കേമൻ സഞ്ജുവാണെന്നത് കണക്കുകളിൽ നിന്നും വ്യക്തമാണെന്നും ചൂണ്ടിക്കാണിച്ചാണ് ആരാധകർ വിമർശനമുന്നയിക്കുന്നത്.
ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെഎൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, യുസ്വേന്ദ്ര ചഹൽ, രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ, ആര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാൻ