സംവിധായകര്‍ ആര്‍ക്കും സിനിമയുടെ എഡിറ്റ് കാണിച്ച് കൊടുക്കേണ്ട ആവശ്യമില്ലെന്ന് സംവിധായകന് ആഷിഖ് അബു. ആ കാര്യത്തില്‍ താന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ പിന്തുണയ്ക്കുന്നുവെന്നും ആഷിഖ് അബു പറഞ്ഞു. നീലവെളിച്ചം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ദുബായിലെ പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു ആഷിഖ് അബു.
‘സംവിധായകര്‍ ആര്‍ക്കും എഡിറ്റ് കാണിക്കേണ്ട ആവശ്യമില്ല. അത് ബി ഉണ്ണികൃഷ്ണന് പറഞ്ഞത് തന്നെയാണ്. ആ കാര്യത്തോട് ഞാനും യോജിക്കുന്നു. നിര്മാതാക്കളെയാണ് എഡിറ്റ് കാണിക്കണമെങ്കില്‍ കാണിക്കേണ്ട ആവശ്യമുള്ളു. ഇത് ഇപ്പോള്‍ തുടങ്ങിയതല്ല. സിനിമകളില്‍ ഇടപെടുന്ന ഒരുപാട് ആക്ടേഴ്സ് മുമ്പും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ട്. ഇനിയും ഉണ്ടാകും. അതും ഒരു കൂട്ടം മനുഷ്യര്‍ ആണല്ലോ. സ്വാഭാവികമായി എല്ലാവരുടെയും ഡിസിപ്ലിന്‍ ഒരുപോലെ ആവണം എന്നില്ലല്ലോ. പക്ഷെ ഇതേ ആക്ടര്‍ പ്രൊഡ്യൂസര്‍ ആയി കഴിഞ്ഞാല്‍ സാങ്കേതികമായി അത് ശരിയാണ്,’ ആഷിഖ് അബു പറഞ്ഞു.
ചില നടീ-നടന്മാര് സിനിമയുടെ എഡിറ്റിങ്ങില്‍ അനാവശ്യമായി ഇടപെടുന്നു എന്നായിരുന്നു ഫെഫ്കയുടെ ആരോപണം. സിനിമ സംവിധാ
യകന്റെ സൃഷ്ടിയാണെന്ന കാര്യം മറന്ന് കൊണ്ടാണ് പലരും പെരുമാറുന്നത്. മലയാള സിനിമ ഇപ്പോള്‍ കടന്നുപോകുന്നത് അതിന്റെ ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ കാലഘട്ടത്തിലൂടെയാണെന്നും ബി ഉണ്ണികൃഷ്ണന് പ്രതികരിച്ചു
ചില നടീനടന്മാര് ഒരേസമയം പല നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഒരേ ഡേറ്റ് നല്കി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. താരസംഘടനയായ അമ്മ അംഗീകരിച്ച കരാറില്‍ ഒപ്പിടാന്‍ പോലും പലരും തയ്യാറാകുന്നില്ല. എല്ലാവരുമായും കരാര്‍ അടിസ്ഥാനത്തില്‍ മാത്രമേ പ്രവര്‍ത്തിക്കൂവെന്നും ബി ഉണ്ണികൃഷ്ണന് വ്യക്തമാക്കി. ‘നിരന്തരമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരോട് ഒന്ന് മാത്രമേ പറയാനുള്ളു. നിര്‍മാതാവ് ഇല്ലെങ്കില്‍ താരത്തിന് പ്രസക്തി ഇല്ല.
ആര്‍ട്ടിസ്റ്റുകളുടെ പേര് വച്ചുള്ള പരാതികള്‍ സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇവരുമായ ചര്‍ച്ച ചെയ്ത ശേഷം ആവശ്യമെങ്കില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പേര് വെളിപ്പെടുത്തുമെന്നും’ ബി ഉണ്ണികൃഷ്ണന് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.