ദില്ലി: 56 വർഷം മുൻപുണ്ടായ വിമാനാപകടത്തിൽ മരണപ്പെട്ട മലയാളി സൈനികൻ്റെ മൃതദേഹം വീണ്ടെടുത്തു. 1968-ൽ ഹിമാചൽ പ്രദേശിലെ റോംഹ്താംഗ് പാസ്സിന് സമീപം അപകടത്തിൽപ്പെട്ട ഇന്ത്യൻ സൈനിക വിമാനത്തിലുണ്ടായിരുന്ന പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ചെറിയാൻ്റെ മൃതദേഹമാണ് ഇന്ത്യൻ സൈന്യത്തിൻ്റെ ലഡാക്ക് സ്കൗട്ട്സിൻ്റെ നേതൃത്വത്തിലുള്ള പർവ്വതാരോഹക സംഘം കണ്ടെത്തിയത്. തോമസ് ചെറിയാൻ അടക്കം നാല് പേരുടെ മൃതദേഹങ്ങളാണ് വീണ്ടെടുത്തത് ഇതിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിഞ്ഞവരുടെ കുടുംബാംഗങ്ങളെ സൈന്യം വിവരം അറിയിച്ചിട്ടുണ്ട്.
16,000 അടി ഉയരത്തിലുള്ള ധാക്ക ഹിമാനി മലനിരകളിൽ നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് സൈന്യം അറിയിച്ചു. ഞായറാഴ്ച കണ്ടെത്തിയ മൃതദേഹങ്ങളിൽ മൂന്നെണ്ണം പയനിയേഴ്സ് കോർപ്സിലെ ശിപായിമാരായ മൽഖാൻ സിംഗ്, ആർമി മെഡിക്കൽ കോർപ്സിലെ നാരായൺ സിംഗ്, കോർപ്സ് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയർ തോമസ് ചെറിയാൻ എന്നിവരുടേതാണെന്ന് തിരിച്ചറിഞ്ഞതായി സൈന്യം പറഞ്ഞു. നാലാമത്തെ സൈനികനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒക്ടോബർ 10 വരെ പ്രദേശത്ത് പര്യവേഷണം നടക്കുന്നതിനാൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താനുള്ള തെരച്ചിലും തുടരും.
മൃതദേഹത്തിൻ്റെ പോക്കറ്റിൽ നിന്ന് കണ്ടെടുത്ത ഒരു വൗച്ചർ വഴിയാണ് മൽഖാൻ സിങ്ങിനെ തിരിച്ചറിഞ്ഞത്. നാരായൺ സിങ്ങിനെയും തോമസ് ചെറിയാനേയും അവരുടെ കയ്യിലുണ്ടായിരുന്ന പേബുക്കുകൾ വഴിയും തിരിച്ചറിഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
1968 ഫെബ്രുവരി 7 ന് ചണ്ഡീഗഢിൽ നിന്നും ലഡാക്കിലെ ലേയിലേക്കുള്ള യാത്രക്കിടെയാണ് സോവിയറ്റ് നിർമ്മിത എ.എൻ 12 ടർബോപ്രോപ്പ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് കാണാതായത്. നാല് ക്രൂം മെമ്പർമാർ അടക്കം ആകെ 104 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് ഔദ്യോഗിക രേഖകളിൽ പറയുന്നത്. ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് ഹർകെവാൾ സിംഗും സ്ക്വാഡ്രൺ ലീഡർ പ്രൺ നാഥ് മൽഹോത്രയും ചേർന്നാണ് വിമാനത്തെ നിയന്ത്രിച്ചിരുന്നത്.
യാത്രയ്ക്കിടെ ഹിമാചലിൽ പ്രവേശിച്ച വിമാനം മോശം കാലാവസ്ഥയെ തുടർന്ന് തിരിച്ചു പറക്കുന്നതായി കൺട്രോൾ റൂമിൽ അറിയിച്ചിരുന്നു. എന്നാൽ റോഹ്താംഗ് ചുരത്തിന് സമീപം വച്ച് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. പിന്നീട് ഈ വിമാനത്തെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായില്ല. അവശിഷ്ടങ്ങൾ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ വിമാനം തകർന്നുവെന്ന് പോലും ഉറപ്പിക്കാൻ പറ്റിയിരുന്നില്ല. അട്ടിമറി സാധ്യതകളടക്കം അന്ന് പലതരം അഭ്യൂഹങ്ങൾ ഇതേപ്പറ്റിയുണ്ടായി. 16,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റോഹ്താംഗ് പാസ്സ് പൂർണമായും മഞ്ഞുമൂടികിടക്കുന്ന നിരവധി പർവതങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. മൈനസ് ഡിഗ്രീ കാലാവസ്ഥയുള്ള ഈ മേഖലകളിൽ വളരെ പരിമിതമായ തോതിൽ മാത്രമേ തെരച്ചിൽ നടത്താൻ സാധിച്ചുള്ളൂ.
1968 ഫെബ്രുവരി 7 ന് തകർന്ന സൈനിക ഗതാഗത വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ 2003 ൽ മണാലി ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗ് ആൻഡ് അലൈഡ് സ്പോർട്സിലെ (ABVIMAS) പർവതാരോഹകരാണ് ആദ്യമായി വിമാനഅവശിഷ്ടങ്ങൾ കണ്ടെത്തിയത്. അതുവരെ സൈനിക വിമാനത്തെക്കുറിച്ച് യാതൊരു വിവരവും പുറംലോകത്തിന് ഉണ്ടായിരുന്നില്ല.
2003-ൽ സൗത്ത് ഡക്ക ഹിമാനിയിലൂടെ ട്രെക്കിംഗ് നടത്തുകയായിരുന്ന ഹിമാലയൻ മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ അംഗങ്ങൾ ഒരു മനുഷ്യശരീരത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് വിമാനം അപകടത്തിൽപ്പെട്ടതാണെന്ന് ഒടുവിൽ സ്ഥിരീകരിക്കാനായത്. വിമാനത്തിലുണ്ടായിരുന്ന സൈനികനായ ശിപായി ബെലി റാമിൻ്റെ മൃതദേഹമാണ് അന്ന് തിരിച്ചറിഞ്ഞത്.
2007 ഓഗസ്റ്റ് 9-ന് ഓപ്പറേഷൻ പുനരുദ്ധൻ-III എന്ന പേരിൽ ഇന്ത്യൻ സൈന്യം ഈ മേഖലയിൽ തെരച്ചിൽ ആരംഭിച്ചു. ആ തെരച്ചലിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. 2003 മുതൽ 2009 വരെ മൂന്ന് തിരച്ചിൽ പര്യവേഷണങ്ങൾ നടത്തി നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. 80 ഡിഗ്രീ ചെരിവുള്ള മഞ്ഞുമൂടിയ മലയിടുക്കിലാണ് വിമാനം പതിച്ചത് എന്ന് പിന്നീട് കണ്ടെത്തി. 18,000 അടി ഉയരത്തിലുള്ള ഈ പ്രദേശത്ത് വേനൽക്കാലത്തും മഞ്ഞുമൂടി നിൽക്കുന്നതിനാൽ തെരച്ചിൽ സങ്കീർണമായിരുന്നു.
2018 ജൂലൈ 21 ന് ചന്ദ്രഭാഗ-13 കൊടുമുടിയിലെത്തിയ ഒരു പർവതാരോഹക സംഘം ധാക്ക ഹിമാനിയുടെ ബേസ് ക്യാമ്പിൽ ഒരു മൃതദേഹം കണ്ടെത്തി. 2018 ജൂലൈ 11ന് ഒരു സൈനികൻ്റെ അവശിഷ്ടങ്ങൾക്കൊപ്പം വിമാനത്തിൻ്റെ അവശിഷ്ടങ്ങളും വേറൊരു സംഘം കണ്ടെത്തി. ട്രെക്കിംഗ് മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ദൗത്യത്തിനിടെയായിരുന്നു ഈ കണ്ടെത്തൽ.
2019 ഓഗസ്റ്റ് 18 ന്, 13 ദിവസത്തെ തിരച്ചിലിനും വീണ്ടെടുക്കലിനും ശേഷം, ഇന്ത്യൻ സൈന്യത്തിൻ്റെയും ഇന്ത്യൻ വ്യോമസേനയുടെയും സംയുക്ത സംഘം വിമാനത്തിൻ്റെ എയ്റോ എഞ്ചിൻ, ഫ്യൂസ്ലേജ്, ഇലക്ട്രിക് സർക്യൂട്ടുകൾ, പ്രൊപ്പല്ലർ, ഇന്ധന ടാങ്ക് യൂണിറ്റ്, എയർ ബ്രേക്ക് അസംബ്ലി തുടങ്ങി നിരവധി ഭാഗങ്ങൾ വീണ്ടെടുത്തു. ഒരു കോക്ക്പിറ്റ് വാതിലും അന്ന് വീണ്ടെടുത്തു. അതിനു ശേഷം ഇപ്പോൾ 68-ലെ വിമാനപകടവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നത്.