ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് പ്രേമികളുള്ള രാജ്യമാണ് അർജന്റീനയും ഉറുഗ്വായും. ലോകകപ്പിനായി ഖത്തറിലേക്ക് എത്തുന്ന ഇരു രാജ്യങ്ങളിലേയും താരങ്ങളുടെ ഇഷ്ട വിഭവവും ബീഫ് തന്നെ. 900 കിലോ വീതം ബീഫ് ആണ് ഉറുഗ്വായ്-അർജന്റീന താരങ്ങൾക്ക് കഴിക്കാനായി ഇത്തവണ ഖത്തറിലേക്ക് എത്തിച്ചിരിക്കുന്നത്.
ഉറുഗ്വായുടെ നാഷണൽ ഇനിസ്റ്റിസ്റ്റ്യൂട്ട് ഓഫ് മീറ്റ് നേരിട്ടാണ് ഉറുഗ്വായ് ദേശീയ ടീമിനുള്ള ബീഫ് എത്തിച്ചു നൽകുന്നത്. സ്വന്തം രാജ്യത്തെ ഭക്ഷണം ടീമിന് നൽകുകയെന്നത് ഏറെ പ്രധാനമാണെന്നും അതിനാലാണ് ബീഫ് ഖത്തറിലെത്തിക്കുന്നതെന്നും ഉറുഗ്വായ് ദേശീയ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു.
ചായയും ബീഫും തങ്ങളുടെ സംസ്കാരത്തിൽ ഒഴിച്ചു കൂടാൻ ആവാത്തതാണെന്നും ബീഫ് തന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ആണെന്നും അർജന്റീന പരിശീലകൻ ലയണൽ സ്കലോണി പ്രതികരിച്ചു.