ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെതിരെ മലപ്പുറം സ്വദേശിയായ ഹരിദാസ് കമ്മാളി നല്കിയ പരാതിയില്‍ ദുരൂഹത തുടരുകയാണ്. പേഴ്സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിന് പണം വാങ്ങിയതില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഒന്നും തന്നെ കണ്ടെത്താനാകാത്തതാണ് ദുരൂഹതയ്ക്ക് കാരണമാകുന്നത്.

പണം കൈമാറിയെന്ന് ഹരിദാസ് പറഞ്ഞ ദിവസം അഖില്‍ മാത്യു സ്ഥലത്തുണ്ടായിരുന്നില്ലെന്ന് തെളിയിക്കുന്ന തരത്തിലുള്ള കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പണം കൈമാറിയ ദിവസം താന്‍ പത്തനംതിട്ടയില്‍ ഒരു കല്യാണത്തിന് പങ്കെടുക്കുകയായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ പൊലീസിന് കൈമാറിയിരുന്നു. അഖില്‍ മാത്യുവിന്റെ ടവര്‍ ലൊക്കേഷനിലും ഇയാള്‍ അന്നേ ദിവസം തിരുവനന്തപുരം ടവര്‍ ലൊക്കേഷനില്‍ ഇല്ലെന്ന് വ്യക്തമാക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ഹരിദാസിനെ അഖില്‍ മാത്യുവെന്ന് പറഞ്ഞ് മാറ്റാരെയെങ്കിലും കാണിച്ച് കബളിപ്പിച്ചതാണോ എന്ന സംശയവും പൊലീലസിനുണ്ട്. അതേസമയം പരാതിക്കാരനായ ഹരിദാസ് പണം കൈമാറിയെന്ന് പറയുന്ന ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നെങ്കിലും സെക്രട്ടേറിയറ്റ് ഭാഗത്തേക്ക് എത്തിയതിനുള്ള ടവര്‍ ലൊക്കേഷന്‍ തെളിവുകളും പൊലീസിന് ലഭിച്ചിട്ടില്ല.
ഒരുലക്ഷം രൂപ തിരുവനന്തപുരത്ത് മന്ത്രി ഓഫീസിന്റെ പരിസരത്ത് വെച്ച് അഖില്‍ മാത്യുവിനെ ഏല്‍പ്പിച്ചതായാണ് ഹരിദാസന്റെ മൊഴി. പൊലീസിന് അത് സംബന്ധിച്ച് ഒരു തെളിവും കണ്ടെത്താനായില്ലെങ്കിലും ഹരിദാസ് ഈ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ്.
പണം നല്‍കിയെന്ന് പറയുന്ന ദിവസത്തെ സെക്രട്ടറിയേറ്റ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് പൊതുഭരണ വകുപ്പ് പൊലീസിന് കൈമാറും. സെക്രട്ടറിയേറ്റ് പരിസരത്തെ ദൃശ്യങ്ങളാകും കൈമാറുക.
തന്റെ പേരില്‍ അഖില്‍ സജീവ് ആള്‍മാറാട്ടം നടത്തിയെന്ന് അഖില്‍ മാത്യു പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്. വെള്ളിയാഴ്ച കന്റോണ്‍മെന്റ് പൊലീസ് അഖില്‍ മാത്യുവില്‍ നിന്ന് മൊഴിയെടുത്തിരുന്നു.
ഹരിദാസന്റെ മകന്റെ ഭാര്യയ്ക്ക് മെഡിക്കല്‍ ഓഫീസര്‍ ജോലി ലഭിക്കാന്‍ പത്തനംതിട്ട സിപിഎം പ്രവര്‍ത്തകനാണെന്ന് അവകാശപ്പെട്ട അഖില്‍ സജീവും ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി അഖില്‍ മാത്യുവും ചേര്‍ന്ന് 1.75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഹരിദാസന് പരാതി നല്‍കിയത്. 5 ലക്ഷമാണ് ആവശ്യപ്പെട്ടിരുന്നതെന്നും ഹരിദാസന് നേരത്തെ പറഞ്ഞിരുന്നു.
