തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് ഡിജിപി ഉത്തരവിട്ടിരിക്കുന്നത്. എറണാകുളം 11 കേസുകൾ, ഇടുക്കി 11, ആലപ്പുഴ എട്ട്, കോട്ടയം മൂന്ന്, കണ്ണൂർ ഒന്ന് എന്നിങ്ങനെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്ന കേസുകൾ. ഇവ പോലീസ് സ്റ്റേഷനുകളിൽ ആദ്യം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തവയാണ്. തിരുവനന്തപുരം ജില്ലയിൽ മാത്രം 960 സ്കൂട്ടറുകളാണ് നൽകാനുള്ളത്.
അനന്തുകൃഷ്ണൻ, സായിഗ്രാം ഗ്ലോബൽ ചെയർമാൻ കെ.എൻ.ആനന്ദകുമാർ, ഹൈക്കോടതി മുൻ ജഡ്ജി സി.എൻ.രാമചന്ദ്രൻ നായർ എന്നിവർക്കെതിരെ കഴിഞ്ഞ ദിവസം കേസ് റജിസ്റ്റർ ചെയ്തിരുന്നു. മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗങ്ങളിൽ നിന്ന് മാത്രം തട്ടിയെടുത്തത് 9 കോടി രൂപയാണ്. 40,000 മുതൽ 60,000 രൂപ വരെയാണ് ഓരോരുത്തർക്കും നഷ്ടമായത്. പ്രതി അനന്തുകൃഷ്ണൻ സിഎസ്ആർ ഫണ്ടിനായി സമീപിച്ചത് 200 കമ്പനികളെയാണ്. ഫണ്ട് സമാഹരിക്കാൻ സായി ട്രസ്റ്റ് ചെയർമാൻ കെ.എൻ. ആനന്ദകുമാറിൻറെ ബന്ധങ്ങളും ഉപയോഗപ്പെടുത്തി. സിഎസ്ആർ തട്ടിപ്പിന് മുൻപ് ഉന്നമിട്ടത് എംഎസ്എംഇകൾക്കുള്ള കേന്ദ്രസർക്കാർ സഹായമെന്നും അനന്തുകൃഷ്ണൻറെ മൊഴി.
പാതിവില തട്ടിപ്പിൽ ഹവാല ഇടപാട് നടന്നുവെന്ന സംശയവും പൊലീസിനുണ്ട്. അഞ്ഞൂറ് കൊടിയിലേറെ രൂപ എത്തിയ അനന്തുകൃഷ്ണൻറെ അക്കൗണ്ടിൽ മിച്ചമുള്ളത് അഞ്ച് കോടിയിൽ താഴെ മാത്രമാണ്. ഓരോ സ്കൂട്ടറിനും കമ്മിഷൻ വാങ്ങിയ അനന്തുകൃഷ്ണൻ ഇരുചക്ര വാഹന ഡീലർമാർക്ക് നൽകാനുള്ളത് നാൽപത് കോടിയിലേറെ രൂപയാണ്.