ദുബൈ: ജിസിസി രാഷ്ട്രങ്ങളിൽ പുതുതായി തൊഴിൽ തേടുന്നവരുടെ എണ്ണത്തിൽ ഉത്തർപ്രദേശ്, ബീഹാർ സ്വദേശികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ ജിസിസി രാഷ്ട്രങ്ങളിൽ ഈ വർഷം തൊഴിൽ നേടിയ ഇന്ത്യക്കാരുടെ കണക്കുകളെ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ഗൾഫ് രാഷ്ട്രങ്ങളിൽ തൊഴിൽ നേടിയ ഇന്ത്യക്കാരുടെ എണ്ണത്തിൽ ഈ വർഷം അൻപത് ശതമാനം വർധനയുണ്ടായതായി കണക്കുകളിൽ നിന്നും വ്യക്തമാണ്. എന്നാൽ പതിവിന് വിപരീതമായി മലയാളികളുടെ എണ്ണം ഇതിൽ കുറവാണ്.
ഉത്തർപ്രദേശിൽ നിന്നാണ് ഈ വർഷം ഏറ്റവും കൂടുതൽ പേർ ജിസിസി രാഷ്ട്രങ്ങളിലേക്ക് പുതുതായി കുടിയേറിയത്. ബീഹാറാണ് രണ്ടാം സ്ഥാനത്ത്. മലയാളികൾ മൂന്നാം സ്ഥാനത്താണ്. സൗദി അറേബ്യയിലേക്കും യുഎഇയിലേക്കുമാണ് ഈ വർഷം കൂടുതൽ ഇന്ത്യക്കാർ പുതുതായി കുടിയേറിയത്. ഗൾഫിൽ തൊഴിൽ തേടുന്ന ഇന്ത്യൻ വനിതകളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായതായും കണക്കുകളിൽ നിന്നും വ്യക്തമാവുന്നു.